Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെക് സെവനെതിരെ കേന്ദ്ര - സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ ളുടെ അന്വേഷണം

15 Dec 2024 00:41 IST

Fardis AV

Share News :


കോഴിക്കോട്: 

 മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെ അന്വേഷണം.

ഐ.ബിയും സംസ്ഥാന പോലീസ് സ്‌പെഷ്യൽബ്രാഞ്ചുമാണ് അന്വേഷണം തുടങ്ങിയത്.

 വ്യായാമ പരിശീലനത്തിന്റെ മറവിൽ സംഘത്തിന് നിഗൂഢ അജണ്ടകളുണ്ടെന്ന് സി.പി.എമ്മും സുന്നി കാന്തപുരം

നേതാക്കളും ആരോപണമുന്നയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ഇവരുടെ പ്രവർത്തനത്തെക്കുറിച്ച് രഹസ്യന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങിയത്.

മലപ്പുറം , കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് വരെയുള്ള ജില്ലകളിൽ ഇതിനകം മെക്ക് സെവൻ്റെ ആയിരത്തോളം യൂണിറ്റുകളാണ് പ്രത്യേക പരിശീലനം നടത്തുന്നത്. മെക്‌സെവൻ പ്രോഗ്രാം ജീവിത ശൈലീ രോഗങ്ങൾക്ക് വലിയ ആശ്വാസമാവുന്നുണ്ടെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെടുന്നതിനിടയിലാണ് സി.പി.എമ്മും, കാന്തപുരം സുന്നി വിഭാഗവും ഇവർക്കെതിരെ കഴിഞ്ഞ ദിവസങ്ങയിൽ പ്രതികരണവുമായി രംഗത്തുവന്നത്.

മെക് സെവന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികൾ ഇതിൽ പെട്ടുപോകരുതെന്നുമാണ് കാന്തപുരം വിഭാഗത്തിലെ നേതാക്കളുടെ പ്രതികരണം. കാന്തപുരത്തിൻ്റെ മകൻ അബ്ദുൾ ഹക്കീം അസ്ഹരിയടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. സുന്നി മുസ്‌ലിം സ്ത്രീകൾ മറ്റ് ആണുങ്ങളോടൊപ്പം എന്തിനാണ് ഇങ്ങനെ തുള്ളിചാടാൻ പോകുന്നതെന്ന് ചോദിച്ചുള്ള യുട്യൂബ് വീഡിയോകൾ വ്യാപകമായി വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കപ്പെട്ടിരുന്നു.

മെക് സെവന് പിന്നിൽ ചതിയുണ്ടെന്ന് കാന്തപുരം സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രതികരിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻ.ഡി.എഫ് കേരളത്തിൽ പ്രവർത്തനം തുടങ്ങിയപ്പോഴും സമാനരീതിയാണ് പ്രയോഗിച്ചതെന്ന് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂരും ആരോപിച്ചിട്ടുണ്ട്.

 ഇതിന് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. മെക്‌സവന് പിന്നിൽ നിരോധിത സംഘടനയായ പോപ്പുലർഫ്രണ്ടും അവരെ ആനയിക്കുന്നത് മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയുമാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ ആണ് ആദ്യം ആരോപണവുമായി രംഗത്തെത്തിയത്.

അതിനിടെ വിമർശനവുമായി കഴിഞ്ഞ ദിവസം ബി.ജെ.പിയും രംഗത്ത് വന്നു. പ്രച്ഛന്നവേഷം ധരിച്ച് വരുന്ന തീവ്രവാദ ശക്തികളാണ് മെക്‌സവന് പിന്നിലെന്നും ഇതിനെതിരെ ശക്തമായ അന്വേഷണമുണ്ടാവണമെന്നും ബി.ജെ.പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വ.കെ.സജീവൻ. പൊതുപരിപാടി എന്നനിലയിൽ ബി.ജെ.പിയിലെ അടക്കം എല്ലാ രാഷ്ട്രീയ പ്രവർത്തകരേയും മതസംഘടനകളേയും ഇവർ ആകർഷിക്കുന്നുണ്ട്. അതിന് പിന്നിലെ ലക്ഷ്യം പുറത്തുകൊണ്ടുവരണമെന്നും വി.കെ.സജീവൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ആരോപണങ്ങൾ നിഷേധിക്കുകയാണ് മെക് സെവൻ അധികൃതർ. ഇതൊരു വ്യായാമ കൂട്ടായ്മ മാത്രമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും മതവിഭാഗങ്ങളിലുമുള്ളവർ പങ്കെടുക്കുന്നുണ്ടെന്ന് മെക് സെവൻ ചീഫ് കോ-ഓർഡിനേറ്റർ ടി.പി.എം.ഹാഷിർ അലി പറഞ്ഞു. ഇതിന് പിന്നിൽ എന്തെങ്കിലും ദേശവിരുദ്ധപ്രവർത്തനങ്ങളുണ്ടെങ്കിൽ ഏജൻസികൾ അന്വേഷിക്കട്ടേയെന്നും ഹാഷിർ അലി പറഞ്ഞു.

മുസ്ലിം ലീഗ് നേതാവ് ടി.പി.എം സാഹീറിൻ്റെ മകനായ ഹാഷീറലി, മുസ്‌ലിം ലീഗിൽ നിന്ന് രാജിവെച്ച് ഇടയ്ക്ക് സി.പി.എമ്മിൽ ചേർന്നിരുന്നുവെങ്കിലും പിന്നീട് സി.പി.എമ്മിൽ തുടർന്നില്ല. പിന്നീടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബി.ജെ.പി നോമിനേറ്റഡ് സിണ്ടിക്കേറ്റിനൊപ്പം ഇദ്ദേഹത്തെ

കോഴിക്കോട് സർവകലാശാല സിണ്ടിക്കേറ്റിലേക്ക് നാമനിർദേശം ചെയ്ത്. അന്ന് ബി.ജെ.പിക്കൊപ്പം മുസ്ലിം ലീഗുകാരനും സിണ്ടിക്കേറ്റിൽ സ്ഥാനം കിട്ടിയെന്നതിൽ ഏറെ പ്രചാരണം നടത്തിയത് സി.പി.എം കേന്ദ്രങ്ങളായിരുന്നു.

ആരോഗ്യ സംരക്ഷണത്തിന് 21 മിനുറ്റ് നീളുന്ന വ്യായാമ പദ്ധതിയാണ് മെക് സെവൻ. മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ മുൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ക്യാപ്റ്റൻ സ്വലാഹുദ്ധീനാണ് സ്ഥാപകൻ. പ്രത്യേക ടീഷർട്ടിട്ടുള്ള പരിപാടി സൗജന്യമായാണ് . ഒറ്റ യൂണിറ്റിൽ തുടങ്ങി ആയിരം യൂണിറ്റുകൾപിന്നിട്ട് മലബാറിലങ്ങോളം വലിയ കൂട്ടായ്മയായി മാറുമ്പോഴാണ് വിവിധകോണുകളിൽ നിന്ന് ആരോപണമുയരുവാൻ തുടങ്ങിയത്.

അതാണിപ്പോൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലുമെത്തിച്ചിരിക്കുന്നത്.

Follow us on :

More in Related News