Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ സ്കൂൾ ദാർസൈറ്റ് അക്കാഡമിക് നിലവാരം ഇടിയുന്നു; രക്ഷിതാക്കൾ നിവേദനം നൽകി

02 Dec 2025 19:50 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഇന്ത്യൻ സ്കൂൾ ദാർസൈറ്റിൽ നിലനിൽക്കുന്ന ഗുരുതരമായ അക്കാഡമിക് വിഷയങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രക്ഷിതാക്കളുടെ സംഘം സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിക്ക് നിവേദനം സമർപ്പിച്ചു.

1992 ൽ ആരംഭിച്ച ഇന്ത്യൻ സ്കൂൾ ദാർസൈറ്റിന് മികച്ച അക്കാഡമിക് ചരിത്രമാണുള്ളത്. തുടക്ക കാലഘട്ടങ്ങളിൽ സ്കൂളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായിരുന്നുവെങ്കിലും, ശക്തമായ അക്കാദമിക് ഫലങ്ങൾ, അച്ചടക്കം മുതലായ കാരണങ്ങളാൽ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ഇന്ത്യൻ സ്കൂൾ ദർസൈറ്റിലേക്ക് അയയ്ക്കുന്നതിൽ സന്തുഷ്ടരായിരുന്നു.

എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി അക്കാഡമിക് രംഗത്ത് സ്കൂൾ വലിയ തോതിൽ പിന്നിലേക്ക് പോകുന്നതായാണ് സമീപ വർഷങ്ങളിലെ പരീക്ഷ ഫലങ്ങൾ സൂചിപ്പിക്കുന്നത് . സ്കൂളിന്റെ അക്കാഡമിക് നിലവാരം ക്രമേണ ഇടിഞ്ഞുവരുന്നതായും, നിലവിലെ സ്ഥിതിഗതികൾ അത്യന്തം ഗുരുതരമാണെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

സ്കൂളിൽ മുൻപ് നടന്നിട്ടുള്ള ഓപ്പൺ ഫോറങ്ങളിൽ നിരവധി സുപ്രധാന അക്കാദമിക് പ്രശ്നങ്ങൾ തങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും, അവ പരിഹരിക്കുമെന്ന് സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല. കൂടാതെ, സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് അവർത്തിച്ചുണ്ടാകുന്ന ഗുരുതരമായ വിഷയങ്ങൾ പൊതു സമൂഹത്തിൽ സ്കൂളിന്റെ സൽപ്പേരിന് കളങ്കം ചാർത്തുന്നതായും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു

പാഠഭാഗങ്ങൾ സമയബന്ധിതമായി പൂർത്തിയാകാതെ ഓൺലൈൻ ക്ലാസുകൾ ഇപ്പോഴും സ്കൂളിൽ തുടരുന്നതും, തുടർച്ചയായി 6 മണിക്കൂറുകൾ വരെ ക്ലാസുകൾ എടുക്കുന്നതും വിദ്യാഭ്യാസ നിലവാരത്തെ ദോഷകരമായി ബാധിക്കുന്നു. സ്കൂളിൽ നിലനിൽക്കുന്ന അക്കാഡമിക് വിഷയങ്ങളോടൊപ്പം, അധ്യാപനത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനാവശ്യമായ നിരവധി പരിഹാര നിർദ്ദേശങ്ങളും നിവേദനത്തിൽ രക്ഷിതാക്കൾ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിക്ക് സമർപ്പിച്ചു. അധ്യാപകരുടെ ജോലിഭാരത്തിന് അനുസൃതമായി അവരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

ഇന്ത്യൻ സ്കൂൾ ദാർസൈറ്റിലെ നിരവധി രക്ഷിതാക്കൾ നിവേദന സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സ്കൂൾ , എസ് എം സി , ഡയറക്ടർ ബോർഡ് പ്രതിധികൾ ചർച്ചയിൽ പങ്കെടുത്തു. തങ്ങൾ ഉയർത്തിയ വിഷയങ്ങൾ പരിഹരിക്കുന്നതിന് സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും അനുഭാവപൂർണമായ മറുപടിയാണ് ലഭിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. സ്കൂളിന്റെ അക്കാഡമിക് നിലവാരം ഉയർത്തുന്ന കാര്യത്തിൽ തങ്ങൾക്കു ലഭിച്ച ഉറപ്പുകൾ പാലിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും, തുടർനടപടികൾ ആലോചിച്ചു തീരുമാനിക്കുമെന്നും രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ ദിനേശ് ബാബു, സുനിത്ത്, ബിബിൻ ദാസ്, ദാവൂദ്, ഹരിദാസ്, കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.

Follow us on :

More in Related News