Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2025 08:44 IST
Share News :
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ചുട്ടമറുപടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പാക് അധീന കശ്മീരിലെ അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. പുലര്‍ച്ചെ 1.44നായിരുന്നു സൈന്യത്തിന്റെ തിരിച്ചടി
ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. ഹാഫിസ് സയീദ് നയിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിഡ്കെ. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍, മസൂദ് അസ്ഹറിന്റെ ജെയ്ഷ്-ഇ-മുഹമ്മദിന്റെയും താവളമാണ്. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങള്‍ നടന്നതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
'കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു' എന്നാണ് ആക്രമണത്തെ ഇന്ത്യന്‍ സൈന്യം എക്സ് പോസ്റ്റില്‍ വിശേഷിപ്പിച്ചത്. പാക് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകര കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യമിട്ടതെന്നും കൃത്യമായി സംയമനം പാലിച്ചുള്ള നടപടിയാണ് ഇന്ത്യയില്‍ നിന്നുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. അതേസമയം കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബര്‍ ഗലിയില്‍ പാക്സൈന്യം വെടിവെപ്പ് നടത്തിയതായി സൈന്യം അറിയിച്ചു.
'ഭാരത് മാതാ കീ ജയ്' എന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്സില്‍ കുറിച്ചത്.ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് രാജ്യത്തുടനീളം ആസൂത്രണം ചെയ്ത മോക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് തിരിച്ചടിയെന്നതും ശ്രദ്ധേയമാണ്. 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രവലിയ മോക്ഡ്രില്‍ സംഘടിപ്പിക്കപ്പെടുന്നത്.
26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പതിനാലാം ദിവസമാണ് ഇന്ത്യന്‍ തിരിച്ചടി.പഹല്‍ഗാം ആക്രമണത്തിന് ശേഷം നിരവധി തന്ത്രപ്രധാന യോഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും തിങ്കളാഴ്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായും കൂടിക്കാഴ്ച നടത്തി. കൂടാതെ എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങ്, കരസേന, നാവികസേന, വ്യോമസേന മേധാവികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു
തിരിച്ചടിക്കുമെന്ന് ആദ്യം മുതലേ സൂചന നല്‍കിയ ഇന്ത്യ സിന്ധു-നദീജല കരാര്‍ മരവിപ്പിക്കുന്നതടക്കം നിര്‍ണായക തീരുമാനങ്ങള്‍ പാകിസ്താനെതിരെ കൈകൊണ്ടു. പാക് പൗരന്മാര്‍ക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കിയ ഇന്ത്യ അട്ടാരി അതിര്‍ത്തിയും അടച്ചു. ഇന്ത്യയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുകയും വ്യോമാതിര്‍ത്തി അടയ്ക്കുകയും ചെയ്തിരുന്നു
Follow us on :
More in Related News
Please select your location.