Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: കഴിഞ്ഞ നാലര വര്‍ഷത്തോളം കാലം സര്‍ക്കാര്‍ ഒന്നും ചെയ്യാതിരുന്നത് തെറ്റ് ; ശശി തരൂര്‍

20 Aug 2024 11:43 IST

Shafeek cn

Share News :

തിരുവനന്തപുരം: ലൈംഗിക പീഡനമടക്കം ഗുരുതര പരാമർശങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചിട്ടും കഴിഞ്ഞ നാലര വർഷത്തോളം കാലം ഒന്നും ചെയ്യാതിരുന്നത് ക്ഷമിക്കാനാകാത്ത തെറ്റെന്ന് കോൺഗ്രസ് എംപി ശശി തരൂർ വിമർശിച്ചു. മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്രകാലം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി എടുക്കാത്തത് ശരിയായില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.


മലയാള സിനിമാ മേഖലയിലുണ്ടായ ദുഷ്പേര് സങ്കടകരമാണ്. സർക്കാർ നടപടിക്കൊപ്പം സിനിമാ മേഖലയും സ്വയം നവീകരണത്തിന് തയ്യാറാകണം. അതിക്രമങ്ങൾക്കെതിരെ ആരും പരാതി നൽകിയില്ലെന്നാണ് മന്ത്രി പറയുന്നത്. സർക്കാർ നിയോഗിച്ച കമ്മീഷന്റെ റിപ്പോർട്ട് ഉണ്ടാകുമ്പോൾ പരാതിയുടെ ആവശ്യമില്ലെന്നും തുടർ നിയമ നടപടി വേണമെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.


നാലര വർഷമായി ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ച ഗവൺമെന്റാണ് ഏറ്റവും വലിയ കുറ്റക്കാരെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചൂണ്ടിക്കാട്ടി. റിപ്പോർട്ടിനുള്ളിലെ ഗുരുതരമായ കാര്യങ്ങൾ എന്തിനാണ് മറച്ചുവെച്ചതെന്ന് ചെന്നിത്തല ചോദിച്ചു.


സ്ത്രീ പീഡനങ്ങളിലും പോക്സോ കേസുകളിലും അടിയന്തര നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടത്. റിപ്പോർട്ട് കിട്ടിയ സമയത്ത് അത്തരം നിയമ നടപടികൾ സർക്കാർ സ്വീകരിക്കണമായിരുന്നു. ഹിതകരമായ നടപടികൾ സ്വീകരിച്ച കേസെടുത്ത് മുന്നോട്ടു പോവുകയാണ് വേണ്ടത്. ആരെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരം നടപടി സ്വീകരിച്ചതെന്ന് പുറത്ത് വരണം. ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ ഇതിൽ കൃത്യമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Follow us on :

More in Related News