Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സർക്കാരിന് തിരിച്ചടി; റിപ്പോർട്ട് എസ്ഐടിക്ക് കൈമാറണം, ഹൈക്കോടതി ഇടപെടൽ

10 Sep 2024 12:41 IST

Shafeek cn

Share News :

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് കനത്ത പ്രഹരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എസ്‌ഐടിക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.


സമ്പൂര്‍ണ്ണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധ രേഖകളും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സാമൂഹിക ഉത്തരവാദിത്തം കണക്കിലെടുത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി വൈകിയതിലെ കാരണം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എസ്‌ഐടിക്ക് കൈമാറണം. റിപ്പോര്‍ട്ട് പരിശോധിച്ച് എസ്‌ഐടി സത്യവാങ്മൂലം നല്‍കണം എന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ലൈംഗിക അതിക്രമക്കുറ്റം ഉള്‍പ്പടെയുള്ളവ പരിശോധിക്കണം. നടപടിയെടുക്കുന്നതില്‍ എസ്ഐടി തീരുമാനമെടുക്കണം. എന്ത് ചെയ്യാനാകുമെന്ന് എസ്ഐടി പരിശോധിക്കണം. എല്ലാവരുടെയും സ്വകാര്യത എസ്ഐടി മനസില്‍ സൂക്ഷിക്കണം. എസ്ഐടി വാര്‍ത്താ സമ്മേളനം നടത്തരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.


സജിമോന്‍ പാറയിലിന്റെ ഹര്‍ജി കാലഹരണപ്പെട്ടുവെന്ന് നിരീക്ഷിച്ച കോടതി, നാലരക്കൊല്ലമായി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുത്തുവെന്ന് വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാരിനോട് ചോദിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിശബ്ദമായിരുന്നതെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മാറ്റിവയ്ക്കാനും, ക്രിമിനല്‍ വിഷയത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് വിശദീകരിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.


വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലായി 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. രഹസ്യമായി സൂക്ഷിക്കണമെന്ന് ഹേമ കമ്മിറ്റി നിര്‍ദ്ദേശിച്ചുവെന്നും സര്‍ക്കാര്‍ പറഞ്ഞു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ എസ്‌ഐടിയെ നിയമിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എസ്‌ഐടിക്ക് കൈമാറാന്‍ ആവശ്യപ്പെട്ടത്.


പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളുള്ള നാടാണ് കേരളമെന്നും ഇത് സംസ്ഥാനത്തെ ഭൂരിപക്ഷം നേരിടുന്ന പ്രശ്നമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. സിനിമയിലെ സ്ത്രീകള്‍ മാത്രം നേരിടുന്ന പ്രശ്നമല്ല. ഭരണ സംവിധാനം അടിയന്തിരമായി പ്രതികരിക്കേണ്ടതാണ്. കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്യാ വിശദീകരിക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നയം വേണമെന്നും അസംഘടിത മേഖലയിലെ ലൈംഗിക ചൂഷണം അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണ സാധ്യത പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.


റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കൈയിലായിരുന്നിട്ടും ഡിജിപിയും കുറ്റകൃത്യങ്ങളില്‍ നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി ഉന്നയിക്കുന്നുണ്ട്. പ്രഥമദൃഷ്ട്യാ നിരവധി കുറ്റകൃത്യങ്ങള്‍ വെളിപ്പെടുന്നുണ്ട്. മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഭാവിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമമെന്നാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരണം മാത്രമാണ് റിപ്പോര്‍ട്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Follow us on :

More in Related News