Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 18:11 IST
Share News :
മലപ്പുറം: കോട്ടക്കുന്ന് സ്വദേശിയായ മജീഷ്യൻ മലയിൽ ഹംസ എന്ന നാൽപ്പതെട്ടുകാരൻ ലഹരി വിരുദ്ധ പോരാട്ടം തുടങ്ങിയിട്ട് 2025 മാർച്ച് 24 ന് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. 1995 ൽ ഒരു 18 കാരൻ തുടങ്ങിയ ഈ ഒറ്റയാൾ പോരാട്ടം മൂവായിരത്തോളം വേദികൾ ഇതിനോടകം പിന്നിട്ടു കഴിഞ്ഞു. ക്യാമ്പസുകളിലും ഇദ്ദേഹത്തിന് ആരാധകർ ഏറെ. ഏതു വലിയ ഇവന്റുകളിലും ലഹരിക്കെതിരെ ഒരു ബോധവത്കരണ പരിപാടിയുമായി ഈ മാന്ത്രികൻ വേദിയിലെത്തും. ബാല്യകാലത്ത് മദ്യം മൂലം നശിക്കുന്ന കുടുംബങ്ങളുടെ നേർക്കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതാണ് കൗമാരം കഴിഞ്ഞ് യുവത്വത്തിലേക്ക് പ്രവേശിച്ചപ്പോൾ മാജിക് പാരമ്പര്യം ഒന്നും ഇല്ലാഞ്ഞിട്ടും താൻ പഠിച്ചെടുത്ത കലയിലൂടെ ലഹരി വിരുദ്ധ സന്ദേശ പ്രയാണത്തിന് തുടക്കം കുറിച്ചതെന്ന് മലയിൽ ഹംസ പറയുന്നു. മാജിക്കിൽ അരങ്ങേറ്റം കുറിച്ച് 5 വർഷം പിന്നിട്ടപ്പോൾ ധനസമ്പാദനം ലക്ഷൃം വെക്കാതെ തികച്ചും സാമൂഹ്യ പ്രവർത്തനം മാത്രം ലക്ഷ്യം വെച്ച് ജില്ലാ ആസ്ഥാനത്ത് മലയിൽ മാജിക് അക്കാഡമി എന്ന സ്ഥാപനത്തിന് രൂപം നൽകി. ലഹരിക്കെതിരെ മലയിൽ മാജിക് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ സ്റ്റോപ്പ് ഡ്രഗ്സ് ആന്റ് ഡ്രിങ്ക്സ് എന്ന പേരിൽ ഒരു ലഹരി വിരുദ്ധ സന്ദേശ മാജിക് സ്കിറ്റ് വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറുന്നു. മാധ്യമങ്ങൾ അടക്കം നൽകിയ പിന്തുണയാണ് ഈ മാന്ത്രികന് പ്രചോദനമായത്. 2013 ൽ കെ സി ബി സി മദ്യവിരുദ്ധ സമിതി ലഹരിക്കെതിരെ നടത്തിയ ജ്യോതിർഗമയ കേരളയാത്രയിൽ പങ്കാളിയായി. വയനാട്ടിൽ വെച്ച് നടന്ന ചടങ്ങിൽ മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള പുരസ്കാരം ഫാ. ടി ജെ ആന്റണിയിൽ നിന്നും മലയിൽ ഹംസ ഏറ്റുവാങ്ങിയിട്ടുണ്ട്. ലഹരി വിരുദ്ധ മാജിക് സ്കിറ്റിൽ മാന്ത്രികരായ നവാസ് തറയിൽ, റിയാസ് താഴത്തേതിൽ, മികച്ച നടൻ കൂടിയായ ഹംസ മുണ്ടുപറമ്പ് തുടങ്ങിയവർ പങ്കാളികളായി. ജില്ലാ പഞ്ചായത്തിന്റെ തണൽക്കൂട്ട്, എക്സൈസ് വകുപ്പിൻെറ വിമുക്തി, നെഹ്റു യുവകേന്ദ്ര, നാഷണൽ ഹെൽത്ത് മിഷൻ, വിദ്യാഭ്യാസ വകുപ്പിന്റെ ബി ആർ സി തുടങ്ങി വിവിധ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ടും, മദ്യവിരുദ്ധ സമിതി , യുവജന രാഷ്ട്രീയ പ്രസ്ഥാനങ്ങളായ മുസ്ലിം യൂത്ത് ലീഗ്, ഡി വൈ എഫ് ഐ, യൂത്ത് കോൺഗ്രസ്, ബാനർ സാംസ്കാരിക വേദി, മലയാള കലാകാരൻമാരുടെ ദേശീയ സംഘടന നന്മ, മലയാളി മജീഷ്യൻസ് അസോസിയേഷൻ തുടങ്ങി നിരവധി സാംസ്ക്കാരിക വേദികളുമായി സഹകരിച്ചും ,മഞ്ചേരി സ്മാർട്ട് സൊലൂഷൻസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിനിൻെറ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ സന്ദേശ മാജിക്ക് അവതരിപ്പിച്ചും പങ്കാളിയായി.
2017 ൽ ജില്ലാ ആസ്ഥാനത്തെ മദ്യത്തിൽ മുക്കാനായി വിദേശ മദ്യഷാപ്പ് സൂപ്പർ മാർക്കറ്റ് രീതിയിൽ തുടക്കം കുറിക്കാൻ ശ്രമം നടന്നപ്പോൾ അതിനെ പ്രതിരോധിക്കാൻ സ്വന്തം നാടായ കോട്ടക്കുന്നിനോട് ചാരിയുള്ള പ്രദേശമായ കോരങ്ങോട് ലഹരി വിരുദ്ധ സമിതി രൂപീകരിച്ചപ്പോൾ അതിനു മുന്നിൽ നിന്ന് സമര പ്രഖ്യാപനം നടത്തി. എല്ലാ രാഷ്ട്രീയ പാർട്ടികളും കെട്ടിടത്തിന് മുന്നിൽ ബാനർ വെച്ച് ഐകൃദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ജനകീയരോഷം ഭയന്ന് ആ പ്രൊജക്ട് പിൻവാങ്ങിയപ്പോൾ മജീഷ്യൻ മലയിൽ ഹംസ എന്ന ലഹരി വിരുദ്ധ മാന്ത്രികന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ ആയി മാറി ആ സമര പ്രഖ്യാപനം.
ആ കാലത്ത് മാസ് പെറ്റീഷനിൽ ഒപ്പ് വെക്കാനായി വിവിധ വീടുകളിൽ കയറിയിറങ്ങിയപ്പോൾ ഒരു മുഴുകുടിയനായ ആള് പറഞ്ഞ വാക്കുകൾ മാന്ത്രികന് പ്രചോദനമായി. ആ വാക്കുകൾ ഇങ്ങനെ ആയിരുന്നു " ഇതിനു വേണ്ടി മുന്നോട്ടു വന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കും, എന്തായാലും ഞാൻ നശിച്ചു എൻെറ മക്കൾ എങ്കിലും ഇതിൽ നിന്നും രക്ഷപ്പെടണം, സാഹചര്യം അവരെയും മദ്യപാനികളാക്കും, സാഹചര്യം ഇല്ലാതാക്കുക എന്നതാണ് വേണ്ടത്. അതിന് വേണ്ടി മുന്നോട്ടു വന്ന നിങ്ങൾക്ക് എല്ലാ പിന്തുണയും ".
2024 ഒക്ടോബർ പന്ത്രണ്ടിനാണ് ഭാവി തലമുറയെ പൂർണമായും നശിപ്പിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ മലപ്പുറം നഗരസഭ യുമായി സഹകരിച്ച് നാൽപ്പത് വാർഡുകളിൽ ഒരു ലഹരി വിരുദ്ധ സന്ദേശ മാജിക്ക് യാത്ര എന്ന വലിയ ദൗത്യത്തിന് തുടക്കം കുറിച്ചത്.ലഹരി ഒരു കെണിയാണ് നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി യാതൊരു ലാഭേച്ഛയുമില്ലാതെ കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശ മാജിക്കും, പുതിയ തലമുറയെ നേർവഴിക്ക് നയിക്കാൻ അമ്മമാർക്ക് പാരന്റിങ് ക്ലാസ്സുമായി ഭാര്യ ഹസീന താഴത്തേതിലും യാത്രയുടെ ഭാഗമായി കൂടെയുണ്ട് . വാർഡുകളിൽ ലഹരി വിരുദ്ധ സന്ദേശ മാജിക്ക് യാത്ര ഇപ്പോഴും തുടരുന്നു. മൂന്ന് പതിറ്റാണ്ട് സാമൂഹിക പ്രതിബദ്ധതക്കായി ജീവിതം ഉഴിഞ്ഞു വെച്ചപ്പോൾ സ്വന്തമായി ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല ഈ കലാകാരന്.
ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തകനല്ലാത്ത മലയിൽ ഹംസ ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലഹരി വിരുദ്ധ സദസ്സുകളിൽ മുഖ്യാതിഥിയാണ്.
വല്ല്യുപ്പയുടെ അനിയനും മലപ്പുറത്തെ പൗര പ്രമുഖനുമായ പരേതനായ തറയിൽ ഹംസയാണ് ഈ മാന്ത്രികന് ആദ്യമായി മാജിക്കിന് ഒരു വേദി ഒരുക്കിയത്. അത് മലയിൽ ഹംസയുടെ മാജിക്ക് ജീവിതത്തിന് ഒരു വഴിത്തിരിവായി.
പരേതനായ മലയിൽ സൈതലവിയുടെയും, തറയിൽ പാത്തുമ്മയുടെയും നാലാമത്തെ മകനാണ് മലയിൽ ഹംസ. ഹസീബ്, ഹിസാൻ എന്നിവർ മക്കളാണ്.
ഫോട്ടോ : ലഹരി വിരുദ്ധ സന്ദേശ മാജിക്ക് യാത്ര ജില്ലാ ആസ്ഥാനത്തെ വാർഡിൽ എത്തിചേർന്നപ്പോൾ മജീഷ്യൻ മലയിൽ ഹംസ ലഹരി വിരുദ്ധ സന്ദേശ മാജിക്ക് അവതരിപ്പിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.