Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 09:28 IST
Share News :
നവാസ് പുനൂർ
തമസിന്റെ മഹാ മൗനത്തിലേയ്ക്ക് മടങ്ങിപോയ എം.ടി വാസുദേവൻ നായർ മലയാള ഭാഷയുടെ സുകൃതമായിരുന്നു. മലയാള സാഹിത്യത്തിന്റെ യശ്ശസ് വിശ്വത്തോളം ഉയർത്തിയ മഹാ പ്രതിഭ ...! വിതുമ്പുന്ന മനസിന്റെ ഈറൻ പ്രാർത്ഥന പോലെ ആടിയും, ഉലഞ്ഞും, ആളിയും പാളിയും മുനിഞ്ഞു കത്തിയ ആ മൺചെരാത് ഒടുവിൽ മിഴിയടച്ചത് മൂന്നര തലമുറ മലയാളികളുടെ ഹൃദയ സ്പന്ദനം ഏറ്റുവാങ്ങിയായിരുന്നു. കൂടല്ലൂർ താന്നിക്കുന്നിന്റെ താഴ് വാരത്തു നിന്ന് തുടങ്ങി വിശ്വസാഹിത്യത്തോളം വളർന്ന ഒഴുക്കിന്റെ പരപ്പ് ജലഗർഭം ധരിച്ച നിളയെപ്പോലെ മന്ദവും ചിലപ്പോൾ രൗദ്രവുമായിരുന്നു. സ്നേഹത്തിന്റേയും, വിഹ്വലതകളുടെയും, നിരാശകളുടെയും, രതികാമനകളുടെയും അക്ഷരങ്ങൾ ചുന ച്ചത് ഈ താന്നി കുന്നോരങ്ങളിൽ നിന്നായിരുന്നു. അവയെല്ലാം മലയാളി വായനക്കാരെ സ്ഥിര രൂപമില്ലാതെയാണ് ഭ്രമിപ്പിച്ചത്. മിക്ക രചനകളും വായനക്കാരന്റെ മനസിൽ ഇമ്പങ്ങളുടെ നൈരന്തര്യം സൃഷ്ടിച്ചു കൊണ്ടും കഥാപാത്രങ്ങളുടെ ജീവിത പ്രതീക്ഷകളെ നിരന്തരം വിഫലമാക്കുന്ന കാലത്തിന്റെ അലിവില്ലായ്മ ആവാഹിച്ചു കൊണ്ടും വിഷാദപരമായാണ് ഒഴുകിയത്. ആവിഷ്കരണ കൗശലത്തിന്റെ അപൂർവ്വത കൊണ്ട് പുതിയ ഒരു സംവേദനശീലം വാർത്തെടുക്കുന്നതിൽ എം.ടി യുടെ പങ്ക് ചെറുതല്ല. കഥാസാഹിത്യത്തിൽ തന്റെ വീക്ഷണ മുദ്ര വിന്യസിച്ചത് ശക്തമായി തന്നെയായിരുന്നു. യാഥാസ്ഥിതിക ബോധ്യത്തിന് എതിരെ എം.ടി എറിഞ്ഞ തീപ്പന്തങ്ങളായിരുന്നു ഒരു വടക്കൻ വീരഗാഥയും, രണ്ടാമൂഴവും. മലയാള സാഹിത്യത്തിന് പുതിയൊരു ഭാഷ നൽകി എന്നതും ഓർക്കേണ്ടതുണ്ട്. ഏകാകിയായ മനുഷ്യന്റെ മൗലിക പ്രശ്നങ്ങളും, മനുഷ്യൻ ഏകാന്തതയിൽ അനുഭവിക്കുന്ന ജീവിത പ്രശ്നങ്ങളും എം.ടി യുടെ രചനകളിൽ എമ്പാടുമുണ്ട്. ആധുനിക മനുഷ്യന്റെ വൈകാരിക ആഴങ്ങൾ അളന്നു തിട്ടപ്പെടുത്താനുള്ള കഠിനമായ ആഖ്യാനങ്ങൾ എം.ടി യുടെ ചെറുകഥകളുടെ ഒളിപ്പിക്കാനാവാത്ത നീറുന്ന വശ്യതയാണ്. മന്ദഗതിയിൽ നീങ്ങുന്ന വാക്കുകളുടെ കല; അതിനെ അദ്ദേഹം ഭംഗിയായി ഉപയോഗിക്കുകയും ചെയ്തു. അനുഭൂതികൾ ബിംബങ്ങളായി, ദുഃഖം പദങ്ങൾക്ക് ഈണമായി...! പൊതുവിൽ പറഞ്ഞാൽ ആധുനിക മനുഷ്യന്റെ അവസ്ഥയെ സംബന്ധിക്കുന്ന കാൽപ്പനിക ധ്യാനമായിരുന്നു അവയെല്ലാം!
Follow us on :
Tags:
More in Related News
Please select your location.