Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ഇടപെട്ട് സർക്കാർ; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

04 Nov 2024 11:40 IST

Shafeek cn

Share News :

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ ഉന്നതതല യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. ഉപതെരെഞ്ഞെടുപ്പിന് ശേഷം നവംബര്‍ 16 നാണ് മുഖ്യമന്ത്രി ഓണ്‍ലൈന്‍ യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ നിയമ, റവന്യു മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാനും വഖഫ് ബോര്‍ഡ് ചെയര്‍മാനും യോഗത്തില്‍ പങ്കെടുക്കും. നിയമപരമായ സാധ്യതകള്‍ തേടുന്നതിനൊപ്പം മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ പുനസ്ഥാപിക്കുന്നതിലാകും ചര്‍ച്ച. കോടതിയില്‍ നിലവിലുള്ള കേസുകളുടെ സ്ഥിതി അടക്കം യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം, പ്രശ്‌നപരിഹാരത്തിന് സര്‍വകക്ഷി യോഗം വിളിക്കണം എന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ഉന്നയിച്ചു വി ഡി സതീശന്‍ ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.


വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങള്‍ക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങള്‍ നഷ്ടമായത്. മുനമ്പം പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ജനപ്രതിനിധികളെ പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യണം. ജനങ്ങളുടെ വിഷയത്തില്‍ ഇടപെടാത്തവരോട് രാജി വെച്ച് പോകാന്‍ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. മുനമ്പം സമരം മാധ്യമങ്ങളും അവഗണിക്കുകയാണെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു. മുനമ്പം ഭൂമി പ്രശ്‌നം സാമുദായിക പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് പോകുന്നതിന് മുന്‍പേ നിയമപരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടിരുന്നു.


''കേരള സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ആത്മാര്‍ഥമായി ഇടപെടണം. അതിനു തയ്യാറായാല്‍ ഒറ്റ ദിവസം കൊണ്ട് പരിഹരിക്കാവുന്ന വിഷയമാണ്. അവിടെ താമസിക്കുന്ന ആളുകളെ ഇറക്കിവിടണമെന്ന് ആര്‍ക്കും അഭിപ്രായമില്ല. എന്നാല്‍ അവരുടെ രേഖകള്‍ ശരിയാക്കിക്കൊടുക്കേണ്ടതുണ്ട്. പ്രദേശത്തുകാര്‍ ഇക്കാര്യത്തില്‍ ഉത്തരവാദിയല്ല, വിഷയവുമായി ബന്ധപ്പെട്ട ദുഷ്പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. പരിഹാരത്തിനായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ മുസ്ലിം സംഘടനകള്‍ എല്ലാ പിന്തുണയും നല്‍കും. ''കുഞ്ഞാലിക്കുട്ടി പറഞ്ഞു. 


2019ല്‍ തങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡില്‍ ചേര്‍ത്തെന്ന് പ്രതിഷേധിച്ച കുടുംബങ്ങള്‍ ആരോപിച്ചു. 2022-ല്‍, അവരുടെ വസ്തുവകകള്‍ക്ക് ഭൂനികുതി അടയ്ക്കാന്‍ കഴിയില്ലെന്ന് ഇവര്‍ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ ഇടപെട്ട് നികുതി അടയ്ക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍, ഈ നീക്കത്തെ വഖഫ് സംരക്ഷണ സമിതി (വഖഫ് സംരക്ഷണ സമിതി) കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് സമരം ചെയ്യുന്ന കുടുംബങ്ങള്‍ക്ക് നികുതി അടക്കാന്‍ അനുമതി നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തി.

Follow us on :

More in Related News