Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫാ. വർഗ്ഗീസ് റ്റിജു ഐപ്പിനും, അസ്സോസിയേറ്റ് വികാരി ഫാ. എബി ചാക്കോയ്ക്കും യാത്രയയപ്പ് നല്‍കി

27 May 2024 20:50 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകയില്‍ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന വികാരി ഫാ. വർഗ്ഗീസ് റ്റിജു ഐപ്പിനും, അസ്സോസിയേറ്റ് വികാരി ഫാ. എബി ചാക്കോയ്ക്കും ഇടവകയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ഇടവകയുടെ ഒരു വര്‍ഷം നീണ്ടു നിന്ന പ്രൌഡമായ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നടത്തപ്പെട്ടത് രണ്ട് വൈദികരുടേയും സേവന കാലയളവിലാണ്.

റുവി സെന്റ്‌. തോമസ്‌ ചര്‍ച്ചില്‍ വിശുദ്ധ കുർബ്ബാനയ്ക്കുശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഇടവകയുടെയും ആത്മീയ സംഘടനകളുടെയും പ്രതിനിധികള്‍ രണ്ട് വൈദികര്‍ക്കും യാത്രാ മംഗളങ്ങള്‍ നേരുകയും സ്നേഹാദരവുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. 

സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍, അഡ്വ. എബ്രഹാം മാത്യു, മുൻ വർഷങ്ങളിലെ ട്രസ്റ്റിമാരായ സാബു കോശി, ജാബ്‌സണ്‍ വർഗ്ഗീസ്, ബിജു ജോർജ്, ആത്മീയ സംഘടനാ പ്രധിനിധികളായ ജെസ്സി കോശി, അജു തോമസ്‌, ഷൈനി ജേക്കബ്, ജിയാ മറിയം സോണി, അനു ജോണി, വര്‍ഗീസ് കുരുവിള, ബിജു ജോൺ എന്നിവര്‍ ആശംസകൾ അറിയിച്ചു. 

സേവന കാലയളവില്‍ ആരാധനകളും ശുശ്രൂഷകളും വിശ്വാസ സമൂഹത്തിന്റെ ആത്മീയ കര്‍മ്മങ്ങളും ശ്രേഷ്ഠമായി നിര്‍വ്വഹിച്ചതോടൊപ്പം ഇടവകയുടെ പുരോഗതിക്കും വികസനത്തിനും ശക്തമായ നേതൃത്വം നല്‍കുന്നതിനും ഇടവക ഒരുക്കിയ വിവിധ പരിപാടികള്‍ക്കും ജീവകാരുണ്യ പദ്ധതികള്‍ക്കും കര്‍മ്മോജ്വലമായ നേതൃത്വം നല്‍കുന്നതിനും ഇരു വൈദികര്‍ക്കും സാധിച്ചു എന്നും പ്രതിനിധികള്‍ അനുസ്മരിച്ചു. 

പൌരോഹിത്യ ശുശ്രൂഷാ ജീവിതത്തിലെ അവിസ്മരണീയമായ ഒരു കാലയളവാണ് മസ്കത്ത് ഇടവകയില്‍ സേവനം അനുഷ്ഠിക്കാന്‍ ലഭിച്ച അവസരമെന്നും വിശ്വാസികള്‍ നല്‍കിയ സ്നേഹത്തിനും കരുതലിനും ഊഷ്മളമായ യാത്രയയപ്പിനും ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നതായും ഫാ. വർഗ്ഗീസ് റ്റിജു ഐപ്പും, ഫാ. എബി ചാക്കോയും മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ഇടവക ട്രസ്റ്റി ബിജു തങ്കച്ചൻ സ്വാഗതവും സെക്രട്ടറി സാം ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി., കോ-ട്രസ്റ്റി ബിനില്‍ കെ. സദനം, വൈദികരുടെ കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന ഒമാനിലെ മാതൃ ദേവാലയമാണ് മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഇടവക. മൂന്ന് വര്‍ഷത്തെ കാലയളവിലേക്കാണ് ഇവിടെ വൈദികരെ നിയമിക്കുന്നത്.

Follow us on :

More in Related News