Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ആക്രിക്കട ഗോഡൗണിന് തീപിടിച്ച സംഭവം; അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം.

27 Jan 2026 21:37 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് ആക്രിക്കടയുടെ ഗോഡൗണിന് തീപിടിച്ച് അഞ്ച് ലക്ഷം രൂപയുടെ നാശ നഷ്ടം. സ്ഥാപനത്തിലുള്ള 5 ഇതര സംസ്ഥാന തൊഴിലാളികൾ പുറത്ത് നിന്നും തീ പടരുന്നത് കണ്ട് ഉടൻ ഗോഡൗണിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പടെ മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി. കൊച്ചു കവലയ്ക്ക് സമീപം ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. വൈക്കം, കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സിൻ്റെ 5

ഫയർ യൂണിറ്റുകൾ എത്തി 3 മണിക്കൂറോളം ശ്രമം നടത്തിയാണ് ആളിപ്പടർന്ന തീ പൂർണ്ണമായി അണച്ചത്. 

കൊച്ചു കവല ലിസ്യൂ സ്കൂളിന് സമീപം കളത്തിപ്പറമ്പിൽ എ. ഷാനവാസിൻ്റെ ഉടമസ്ഥതയിലുള്ള കെ. എം കരീം & സൺസിൻ്റെ ആക്രിക്കയോട് ചേർന്നുള്ള ഗോഡൗണിനാണ് തീ പിടിച്ചത്. ഗോഡൗണിന് പുറത്ത് കൂട്ടി ഇട്ടിരുന്ന പ്ലാസ്റ്റിക്ക് വാട്ടർ ടാങ്ക്, പ്ലാസ്റ്റിക്ക് കസേര എന്നിവയ്ക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് ഗോഡൗണിന് ഉള്ളിൽ സൂക്ഷിച്ചിരുന്ന ന്യൂസ് പേപ്പർ, നോട്ട് ബുക്ക്, കാർഡ് ബോർഡ്‌, പ്ലാസ്റ്റിക്ക് കുപ്പികൾ എന്നിവയിലേക്ക് തീ ആളിപ്പടരുകയായിരുന്നു. സമീപത്തെ പുരയിടത്തിലെ ചവറിന് തീയിട്ടത് ഗോഡൗണിലേക്ക് പടർന്നതാകാം തീപിടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന ഉടൻ രണ്ട് വശങ്ങളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് തീയണക്കാൻ ശ്രമം നടത്തിയതിനാലാണ് ഗോഡൗണിലേക്ക് പൂർണ്ണമായി തീ പടരാതെ ദുരന്തത്തിൻ്റെ വ്യാപ്തി കുറഞ്ഞത്. ഓഫീസിനോട് ചേർന്നുള്ള ഷീറ്റിട്ട കെട്ടിടത്തിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. ഗോഡൗണിന് ചുറ്റും ഇരുമ്പ് തകിട് കൊണ്ട് മറച്ചിരുന്നു. ഗോഡൗണിനോട് ചേർന്ന് നിരവധി വീടുകൾ ഉണ്ടായിരുന്നെങ്കിലും അങ്ങോട്ടേക്ക് പടരാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്. സമീപത്തുകൂടി വൈദ്യുതി ലൈൻ കടന്ന് പോകുന്നതിനെ തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ എത്തി ഉടൻ ലൈൻ ഓഫ് ചെയ്തു.വൈക്കം പോലീസ് സ്ഥലത്തെത്തി.

വീതി കുറഞ്ഞ ഇടറോഡിലൂടെ ഫയർഫോഴ്സ് വാഹനങ്ങൾക്ക് ഇവിടേക്ക് എത്താൻ ഏറെ താമസം നേരിട്ടു. ഫയർഫോഴ്സിൻ്റെ വലിയ യൂണിറ്റുകൾ സ്കൂൾ കോംമ്പൗണ്ടിലൂടെയാണ് സംഭവസ്ഥലത്ത് എത്തിയത്.വാർഡ് കൗൺസിലർ സോണി സണ്ണിയുടെ നേതൃത്വത്തിൽ നാട്ടുകാരും മറ്റുമാണ് ആദ്യം തീയണക്കാൻ ശ്രമം നടത്തിയത്. ഇടുങ്ങിയ വഴിയിലൂടെ വന്ന  ഫയർഫോഴ്സ് വാഹനത്തിനും റോഡരികിലെ മതിലിനും ഇടയിൽ ഞെരുങ്ങി സംഭവസ്ഥലത്തേക്ക് എത്തിയ നഗരസഭചെയർമാൻ അബ്‌ദുൾ സലാം റാവുത്തറിൻ്റെ കൈമുട്ടിനും തോളിനും നിസ്സാര പരുക്കേറ്റു.

Follow us on :

More in Related News