Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Mar 2026 14:45 IST
Share News :
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ ( 83 കോടിയിലേറെ രൂപ) അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിഫലം പ്രഖ്യാപിച്ചു.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ റിവാർഡ്‌സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമിലൂടെയാണ് അഭ്യർത്ഥന നടത്തിയത്. അന്തരിച്ച മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകനായ മൊജതബ ഖമേനി ഉൾപ്പെടെയുള്ളവരെ 'ഭീകര നേതാക്കൾ' എന്നാണ് അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്.
വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ വരെയുള്ള പ്രതിഫലത്തിന് പുറമെ, ആവശ്യമായി വന്നാൽ മറ്റ് രാജ്യങ്ങളിലേക്ക് സുരക്ഷിതമായി മാറുന്നതിനുള്ള പുനരധിവാസ സഹായത്തിനും അർഹതയുണ്ടായിരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
മൊജതബ ഖമേനിയെ കൂടാതെ മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ചും അമേരിക്ക വിവരങ്ങൾ തേടുന്നുണ്ട്. ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹെജാസി, മേജർ ജനറൽ യഹ്യ റഹീം സഫാവി, ആഭ്യന്തര മന്ത്രി ബ്രിഗേഡിയർ ജനറൽ എസ്കന്ദർ മൊമേനി, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി എന്നിവരാണ് ഈ പട്ടികയിലുള്ള പ്രമുഖർ.ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ വിവിധ ശാഖകൾക്ക് മേൽനോട്ടം വഹിക്കുന്ന നേതൃത്വ ഘടനയിലെ പ്രധാനികളായാണ് ഇവരെ വാഷിംഗ്ടൺ കണക്കാക്കുന്നത്. ഐആർജിസി അന്താരാഷ്ട്ര തലത്തിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതായും അമേരിക്ക ആരോപിക്കുന്നു.
ഐആർജിസി കമാൻഡർമാരെക്കുറിച്ചോ മുതിർന്ന ഉദ്യോഗസ്ഥരെക്കുറിച്ചോ ഉള്ള വിവരങ്ങൾ അതീവ രഹസ്യമായി കൈമാറാൻ ഇതിലൂടെ സാധിക്കും. ഈ പദ്ധതി പ്രകാരം വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും വലിയ തുകകളിലൊന്നാണ് 10 ദശലക്ഷം ഡോളർ.
വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നിർണ്ണായക നീക്കം. ഐആർജിസിയുമായി ബന്ധപ്പെട്ട ഇറാന്റെ സുരക്ഷാ, രഹസ്യാന്വേഷണ ശൃംഖലകൾക്ക് മേൽ സമ്മർദ്ദം ചെലുത്താനാണ് യുഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഭരണനേതൃത്വത്തെ നേരിട്ട് ലക്ഷ്യം വെച്ചുകൊണ്ടുള്ള അമേരിക്കയുടെ ഈ പ്രഖ്യാപനം മേഖലയിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചേക്കാം.
Follow us on :
Tags:
More in Related News
Please select your location.