Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർക്കാരിനും പാർട്ടിക്കും അതിതീവ്ര പിന്തുണ; ഒടുവിൽ രാഷ്ട്രപതിപദം മോഹിച്ചെന്ന് ആരോപണം

24 Jul 2025 07:16 IST

NewsDelivery

Share News :

ന്യൂഡൽഹി:രാജ്യസഭയ്ക്കകത്തും പുറത്തും സർക്കാരിനെയും പാർട്ടിയെയും പിന്തുണയ്ക്കുന്ന അതിതീവ്രനിലപാട് സ്വീകരിച്ച ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച ജഗ്‍ദീപ് ധൻകർ അടുത്ത രാഷ്ട്രപതിപദം മോഹിച്ചിരുന്നെന്നും അതിനായി നടത്തിയ കരുനീക്കങ്ങളാണ് രാജിയിൽ കലാശിച്ചതെന്നും പ്രചാരണം. ബിജെപി ക്യാമ്പിൽനിന്നാണ് ഇത്തരം സൂചന ഉയരുന്നത്. ധൻകറുമായി ബിജെപി നേതൃത്വം ഇടയാൻ കാരണം രാഷ്ട്രപതിപദമോഹമാണെന്ന് പാർട്ടിവൃത്തങ്ങൾ പറയുന്നു.

ഉപരാഷ്ട്രപതിപദത്തിലെത്തിയശേഷം ധൻകർ സ്വീകരിച്ച ബിജെപി അനുകൂല നിലപാടുകൾ ‘രാജാവിനെക്കാൾ വലിയ രാജഭക്തി’ എന്ന പ്രയോഗം ഓർമ്മിപ്പിക്കുന്നതായിരുന്നു. ബംഗാൾ ഗവർണർ സ്ഥാനത്തിരുന്ന് മമതാ ബാനർജിയുമായി ഏറ്റുമുട്ടി പരിവേഷം സൃഷ്ടിച്ച് ഉപരാഷ്ട്രപതിപദവിയിലെത്തിയ ധൻകർ, തന്നെ ഈ സ്ഥാനത്ത് അവരോധിച്ച ബിജെപി നേതൃത്വത്തോട് അടുത്തകാലംവരെ വിധേയത്വം പുലർത്തി. രാജ്യസഭാധ്യക്ഷൻ എന്ന നിലയിൽ പ്രത്യക്ഷത്തിൽത്തന്നെ ഭരണപക്ഷത്തിന് അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നടപടികൾ. എന്നാൽ, സർക്കാരുമായും പാർട്ടിയുമായും നേരിട്ടുള്ള ഉരസൽ ധൻകർ തുടങ്ങിയത് സമീപകാലത്താണ്. ഇതിന് പല കാരണങ്ങളുണ്ട്. രണ്ടുവർഷത്തിനുശേഷം അടുത്ത രാഷ്ട്രപതി പദത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, തന്നെ എൻഡിഎ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ധൻകർ അനൗപചാരികമായി ഉന്നത പാർട്ടിനേതാക്കൾക്കുമുന്നിൽ ഉന്നയിച്ചെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു. തുടക്കത്തിലേ പാർട്ടിനേതൃത്വം ഈ ആവശ്യം നിരാകരിച്ചെന്നും നടക്കാത്ത കാര്യമാണെന്ന് തുറന്നുപറഞ്ഞെന്നും പാർട്ടിനേതൃത്വം പറയുന്നു. ഇതിനുശേഷം സർക്കാരും പാർട്ടിയുമായി ധൻകർ അകന്നു. കേന്ദ്രത്തിലെ പ്രബലനായ മന്ത്രി ധൻകറുമായി നടത്തിയ ഫോൺസംഭാഷണത്തിലെ തർക്കത്തിൽ ധൻകർ രോഷാകുലനായതിനുപിന്നിൽ ഇത്തരമൊരു പശ്ചാത്തലമുണ്ട്.

ഇതിനുശേഷം, പദവി രാജിവെക്കുന്നതാണ് ഉചിതമെന്ന നിലയിൽ സർക്കാർ-പാർട്ടി കേന്ദ്രങ്ങളിൽനിന്ന്‌ ധൻകറിന് വ്യക്തമായ സന്ദേശം ലഭിച്ചെന്നാണ് സൂചന.

Follow us on :

More in Related News