Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 14:54 IST
Share News :
വര്‍ഷങ്ങളോളം നീണ്ട പ്രണയം വിവാഹത്തിലേക്ക് എത്തി. എന്നാല്‍, ജീവിതം തുടങ്ങും മുന്‍പേ മടങ്ങേണ്ടി വന്നു നിഖിലിനും അനുവിനും. രണ്ടാഴ്ച മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. മലേഷ്യയില്‍ മധുവിധു കഴിഞ്ഞ് മടങ്ങും വഴിയാണ് വാഹനാപകടം ജീവന്‍ കവര്‍ന്നത്. എട്ടുവര്‍ഷം മുന്‍പ് നാട്ടുകാരിയും ഒരേ ഇടവക്കാരിയുമായ അനുവിനോട് നിഖില്‍ മത്തായിക്ക് തോന്നിയ ഇഷ്ടമാണ് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് എത്തിയത്.
നവംബര്‍ മുപ്പതിനായിരുന്നു വിവാഹം. ദിവസങ്ങള്‍ക്കുള്ളില്‍ നവദമ്പതികള്‍ ജീവിതത്തിലെ തങ്ങളുടെ ഏറ്റവും സുന്ദര മുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ മലേഷ്യയിലേക്ക് വിമാനം കയറി. തിരിച്ചെത്തിയതിനുശേഷം മതി നാട്ടിലെ വിരുന്നുകളെന്നൊയിരുന്നു ഇവരുടെ തീരുമാനം. ഇന്ന് രാവിലെ കുമ്പഴയിലെ ഒരു ബന്ധുവീട്ടില്‍ വിരുന്നിന് പോകാനിരിക്കെയാണ് അപ്രതീക്ഷിത മടക്കം.
നാളെ അനുവിന്റെ ജന്മദിനം കൂടിയായിരുന്നു. ഇത് ആഘോഷമാക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. വീട്ടിലടക്കം ഒരുക്കങ്ങള്‍ ക്രമീകരിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത ദുരന്തം തേടിയെത്തിയത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച ബസുമായി ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൂട്ടിയിടിച്ചായിരുന്ന അപകടം. പുലര്‍ച്ച നാലേ കാലോടെയാണ് നാടിനെ നടുക്കിയ അപകടം.
കാറില്‍ ഉണ്ടായിരുന്ന മത്തായി ഈപ്പന്‍,മകന്‍ നിഖില്‍ മത്തായി, ഭര്‍തൃ പിതാവ് ബിജു ജോര്‍ജ് എന്നിവര്‍ തല്‍ക്ഷണം മരിച്ചു. നിഖിലിന്റെ ഭാര്യ അനൂ ബിജുവിനെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള ബന്ധുക്കളെത്തിയതിനു ശേഷമായിരിക്കും സംസ്‌കാരം.
അതേസമയം കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ബിജു പി ജോര്‍ജ്ജ് ആണ് കാര്‍ ഓടിച്ചിരുന്നത്. മുറിഞ്ഞകല്ലില്‍ അപകടം പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ദേശീയപാതകളിലെ അശാസ്ത്രീയനിര്‍മ്മാണം ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച പ്രത്യേക യോഗം ചേരും.
Follow us on :
Tags:
More in Related News
Please select your location.