Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാത്രിയില്‍ പറമ്പില്‍ കയറി 2500 ഓളം കവുങ്ങുകള്‍ വെട്ടി നശിപ്പിച്ചു

13 Nov 2024 21:28 IST

ജേർണലിസ്റ്റ്

Share News :



മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്തിലെ കോര്യനാട് ഭാഗത്തെ ഏഴ് ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത് വന്നിരുന്ന 2500 ലധികം കവുങ്ങുകള്‍ സാമൂഹിക വിരുദ്ധര്‍ ഒറ്റരാത്രിയില്‍ വെട്ടി നശിപ്പിച്ചു. മൈക്കിള്‍ഗിരി കൊല്ലംപാറയില്‍ താമസം വടക്കുംപറമ്പില്‍ വീട്ടില്‍ സൈമണ്‍, ഡേവിസ് സഹോദരങ്ങളുടെ അഞ്ച് ഏക്കറില്‍ കൃഷി ചെയ്ത് വന്നിരുന്ന രണ്ട് മുതല്‍ അഞ്ച് വര്‍ഷം പ്രായമായ രണ്ടായിരത്തോളം കവുങ്ങുകളും ഇതിന് സമീപത്തെ രാജു രാജാമണിയുടെ രണ്ട് ഏക്കര്‍ വരുന്ന കൃഷി ഭൂമിയിലെ അഞ്ഞൂറോളം കവുങ്ങുകളുമാണ് സാമൂഹിക വിരുദ്ധര്‍ ഒറ്റരാത്രിയില്‍ വെട്ടി നശിപ്പിച്ചത്. പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കവുങ്ങ് കൃഷി ചെയ്ത് വരുന്ന പ്രദേശമാണ് ഇവിടം. കൃഷി സ്ഥലത്തിന് സമീപത്ത് ആള്‍ താമസമില്ലാത്തതിനാല്‍ രാവിലെ ഇതിന് സമീപത്ത് കൂടി നടക്കാന്‍ ഇറങ്ങിയ സി.പി.എം മറയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍ രാജയാണ് കവുങ്ങുകള്‍ വെട്ടിയിട്ടിരിക്കുന്നത് കാണുന്നത്. ഉടനെ സ്ഥലം ഉടമയായ സൈമനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മറയൂര്‍ പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. മറയൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍. ജിജു, എസ് ഐ റഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് സമീപത്തെ രാജുവിന്റെ കവുങ്ങുകളും വെട്ടിയിട്ടിരിക്കുന്നതായി കാണുന്നത്. തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അടക്ക സീസണില്‍ ഈ പറമ്പില്‍ നിന്നും അടക്ക മോഷ്ടിച്ചവര്‍ക്കെതിരെ പോലീസില്‍ കേസ് കൊടുക്കുകയും അവരെ പോലീസ് കേസെടുത്ത് റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം ഇതിന് കാരണമായതെന്ന് സ്ഥലത്തിന്റെ ഉടമയായ വടക്കുംപറമ്പില്‍ സൈമണ്‍ പോലീസിനോട് പറഞ്ഞു. കാന്തല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. തങ്കച്ചന്‍, കൃഷി ഓഫിസര്‍ ഹുബൈബ് ഹസന്‍, പഞ്ചായത്തംഗം എസ്തര്‍, മറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോന്‍ തോമസ്, സി.പി.എം മറയൂര്‍ ഏരിയ സെക്രട്ടറി വി.സിജിമോന്‍ എന്നിവരും സ്ഥലത്ത് എത്തി കര്‍ഷകന്‍ പൂര്‍ണ പിന്തുണ നല്‍കി.

Follow us on :

More in Related News