Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ അനിശ്ചിതത്വത്തില്‍; പൊലീസ് സംരക്ഷണത്തില്‍ ടെസ്റ്റുകള്‍ നടത്താന്‍ എംവിഡി

07 May 2024 10:39 IST

- Shafeek cn

Share News :

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനാകുമോ എന്നതില്‍ ആശങ്ക. പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരാനാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെയും ജീവനക്കാരുടെയും തീരുമാനം. പൊലീസ് സംരക്ഷണത്തോടെ ടെസ്റ്റുകള്‍ നടത്താനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം.


ഒത്തുതീര്‍പ്പ് ഉത്തരവിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയും പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യമുന്നയിച്ചും ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് സമിതി, ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ അടക്കം സംഘടനകള്‍ പണിമുടക്കില്‍ ഉറച്ചു നില്‍ക്കുകയാണ്. സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാന്‍ ആണ് ഇവരുടെ തീരുമാനം. ഈ മാസം 13 ന് സെക്രട്ടറിയേറ്റിലേക്ക് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ഉണ്ടായേക്കും. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെയും സംസ്ഥാനത്ത് ടെസ്റ്റുകള്‍ മുടങ്ങിയിരുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.


പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ഇതുവരെ വഴങ്ങേണ്ടി വന്ന മോട്ടോര്‍ വാഹന വകുപ്പ് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ്. ഇന്ന് മുതല്‍ പൊലീസ് സംരക്ഷണയില്‍ ടെസ്റ്റ് പുനരാരംഭിക്കാനാണ് തീരുമാനം. ഒരു അപേക്ഷകനെങ്കിലും എത്തിയാല്‍ ടെസ്റ്റ് നടത്താന്‍ ഗതാഗത കമീഷണറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമരക്കാര്‍ പ്രശ്നമായി ചൂണ്ടിക്കാട്ടുന്ന സര്‍ക്കുലറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് മൂന്നു മുതല്‍ ആറ് മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും നിലവിലെ രീതിയിലാണ് ടെസ്റ്റ് നടത്തുന്നതെന്നുമാണ് ഗതാഗത കമീഷണറേറ്റിന്റെ നിലപാട്.

Follow us on :

More in Related News