Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോ. ശ്രീക്കുട്ടിക്ക് ജാമ്യമില്ല; ഹര്‍ജി തള്ളി കോടതി

18 Sep 2024 17:55 IST

- Shafeek cn

Share News :

ശാസ്താംകോട്ട: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചിട്ട് കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാംപ്രതിയായ ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (2) കോടതി ജഡ്ജി നവീന്‍ ആണ് ജാമ്യഹര്‍ജി തള്ളിയത്. ഇതോടെ പ്രതി റിമാന്‍ഡില്‍ തുടരും. കേസിലെ ഒന്നാംപ്രതിയായ അജ്മലും റിമാന്‍ഡിലാണ്.


മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചത്. പിന്നാലെ സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ ആനൂര്‍ക്കാവ് പഞ്ഞിപുല്ലും വിളയില്‍ കുഞ്ഞുമോളു(47)ടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ കുഞ്ഞുമോളുടെ സഹോദരി ഫൗസിയക്കും പരിക്കേറ്റു.


സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇരുവരെയും പിന്നീട് കരുനാഗപ്പള്ളി കോടതിമുക്കില്‍വെച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. ശ്രീക്കുട്ടി സമീപത്തെ വീട്ടില്‍ ഓടിക്കയറിയെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇതിനിടെ, അജ്മല്‍ സമീപത്തെ വീടിന്റെ മതില്‍ ചാടിക്കടന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ ശൂരനാട്ടെ ബന്ധുവീട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്.


സംഭവസമയത്ത് കാറോടിച്ചിരുന്ന അജ്മലും ഒപ്പമുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ ഓണാഘോഷവും കഴിഞ്ഞ് മദ്യപിച്ചാണ് ഇവര്‍ കാറില്‍ വന്നത്. അപകടമുണ്ടായതിന് പിന്നാലെ കാര്‍ മുന്നോട്ടെടുക്കാന്‍ പറഞ്ഞത് ശ്രീക്കുട്ടിയാണെന്നും ദൃക്‌സാക്ഷികള്‍ മൊഴിനല്‍കി. ഇതേ ത്തുടര്‍ന്നാണ് ഡോ. ശ്രീക്കുട്ടിക്കെതിരേ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.

Follow us on :

More in Related News