Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മക്കളുടെ ഫുട്ബോൾ പ്രേമം അച്ഛന്മാരുടെ കൂട്ടായ്മയായി; അച്ഛാസ് എഫ്.സി ഫ്യൂച്ചർ കപ്പ് നവംബർ 21 മുതൽ

12 Nov 2026 07:54 IST

NewsDelivery

Share News :

കോഴിക്കോട്: മക്കളെ ഫുട്ബോൾ പരിശീലനത്തിന് കൊണ്ടുവരുന്ന രക്ഷിതാക്കൾ തമ്മിലുള്ള സൗഹൃദത്തിൽ നിന്ന് രൂപംകൊണ്ട അച്ഛാസ് എഫ്.സി ഇന്ന് കോഴിക്കോട്ടെ ഫുട്ബോൾ രംഗത്തെ ശ്രദ്ധേയമായ രക്ഷിതാക്കളുടെ കൂട്ടായ്മയായി വളരുന്നു. ജില്ലയിലെ വിവിധ ക്ലബ്ബുകളിലും അക്കാദമികളിലുമായി ഫുട്ബോൾ പരിശീലനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കളാണ് അച്ഛാസ് എഫ്.സി അംഗങ്ങൾ.

മക്കളുടെ കളി കാണാനെത്തുന്ന രക്ഷിതാക്കൾ പിന്നീട് ഒരുമിച്ച് ഫുട്ബോൾ കളിക്കാൻ തുടങ്ങിയതോടെയാണ് കൂട്ടായ്മയ്ക്ക് അച്ഛാസ് എഫ്.സി എന്ന പേര് നൽകിയത്. കുട്ടികളിൽ ഫുട്ബോൾ താൽപര്യം വളർത്തുന്നതിനും അവരെ ലഹരിയിൽ നിന്ന് അകറ്റിനിർത്തുന്നതിനുമായി കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫ്യൂച്ചർ കപ്പ് ടൂർണമെന്റിന്റെ മൂന്നാം സീസൺ നവംബർ 21, 22, 28, 29 തീയതികളിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. രാവിലെ ഏഴ് മണി മുതലാണ് മത്സരങ്ങൾ.

അണ്ടർ 10, 12, 14, 16, 18 വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ടൂർണമെന്റിന്റെ മൂന്നാം സീസണിൽ ടൈറ്റിൽ സ്പോൺസറായി ഇമേജ് കമ്പനിയും സെക്കൻഡ് ടൈറ്റിൽ സ്പോൺസറായി കോസ്മോസ് കമ്പനിയും പങ്കാളികളാകും.

കോഴിക്കോട് ജില്ലയിലെ കെ.എഫ്.ടി.സി, കേരള ക്രസന്റ് അക്കാദമി, 7 സ്പോർട്സ് എഫ്.സി, യൂണിവേഴ്സൽ സോക്കർ, ജവഹർ കക്കോടി, പെക്ക തുടങ്ങി 24 ഓളം ക്ലബ്ബുകളിൽ നിന്നായി ആയിരത്തിലധികം കുട്ടികൾ വിവിധ വിഭാഗങ്ങളിൽ മാറ്റുരയ്ക്കും. ഓരോ വിഭാഗത്തിലെയും വിജയികൾക്കും റണ്ണേഴ്സ് അപ്പിനും ട്രോഫികൾക്കും ക്യാഷ് അവാർഡിനും പുറമെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾക്ക് വ്യക്തിഗത പുരസ്കാരങ്ങളും സമ്മാനിക്കും.

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പദ്ധതിയായ 'തൂഫാൻ' ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇത്തവണ 'ഫുട്ബോൾ ആണ് ലഹരി' എന്ന സന്ദേശവുമായി ഫ്യൂച്ചർ കപ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പയിന്റെ ഭാഗമായി നവംബർ 14ന് ശിശുദിനത്തിൽ ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിൽ നിന്ന് റോഡ് ഷോ സംഘടിപ്പിക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന കുട്ടികളും സാവിയോ സ്കൂളിലെ വിദ്യാർഥികളുമടക്കം മുന്നൂറോളം പേർ റോഡ് ഷോയിൽ അണിനിരക്കും. ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ കോവൂർ, മെഡിക്കൽ കോളേജ് മാർക്കറ്റ് വഴി സഞ്ചരിച്ച് ദേവഗിരി ഗ്രൗണ്ടിൽ സമാപിക്കും.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത്ത് കുമാർ നിർവഹിക്കും. സാവിയോ സ്കൂൾ ഹെഡ്മാസ്റ്റർ ജോയ് മാസ്റ്റർ കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പദം സിംഗ് ഐ.പി.എസ്, അസിസ്റ്റന്റ് കമ്മിഷണർ പ്രമോദ് പി., മെഡിക്കൽ കോളേജ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു എന്നിവർ പങ്കെടുക്കും. നവംബർ 29ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെ ദിനത്തിൽ കാലിക്കറ്റ് എഫ്.സി, എസ്.ഐ.ഒ പ്രതിനിധികൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. ലാൽസരാജ്, സഞ്ജയ് സുരേഷ്, ആകാശ് പി., വലീദ് പാലാട്ട്, മൻസൂർ കെ.ടി., സുനോയ് രാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News