Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2024 11:07 IST
Share News :
കൊല്ലം: മകള്‍ റേച്ചലിന് തോന്നിയ സംശയമാണ് അപകടം എന്ന് എഴുതി തള്ളിയ പാപ്പച്ചന്റെ മരണം കൊലപാതകമെന്ന കണ്ടെത്തലിലേക്ക് നയിച്ചത്. ഒറ്റ ദിവസം കൊണ്ട് കേസിലെ അഞ്ച് പ്രതികളെയും പൊലീസ് പിടികൂടുകയും ചെയ്തു. ബിഎസ്എന്‍എല്‍ എഞ്ചിനീയറായിരുന്ന പന്തളം കുടശനാട് സ്വദേശി പാപ്പച്ചന്‍ കൊല്ലത്തെ മിനിമുത്തൂറ്റ് നിധിയുടെ ഓലയില്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങുന്നത് വെറും ആറ് മാസം മുന്‍പാണ്. സമ്പന്നരായ ഇടപാടുകാരെ തേടി നടന്ന ബാങ്ക് മാനേജര്‍ സരിത, പാപ്പച്ചനെ പരിചയപ്പെടുന്നത് ഏജന്റുമാര്‍ വഴിയാണ്.
പാപ്പച്ചന് മറ്റ് ബാങ്കുകളിലായി ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം ഉണ്ടെന്ന് മനസ്സിലാക്കിയ സരിത, അക്കൗണ്ടന്റ് അനൂപുമായി ചേര്‍ന്ന് സ്വാധീനിച്ച് അക്കൗണ്ട് തുറപ്പിച്ചു. പല ഘട്ടങ്ങളിലായി 36 ലക്ഷം രൂപ വരെ അക്കൗണ്ടിലെത്തി. പിന്നീട് ആകര്‍ഷകമായ പലിശ വാഗ്ദാനം ചെയ്ത് മറ്റു നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി. എന്നാല്‍ ഈ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തു. വാഗ്ദാനം ചെയ്ത വരുമാനം ലഭിക്കാതായതോടെ സംശയം വന്ന പാപ്പച്ചന്‍ ബാങ്കിലെത്തി ബഹളം വെച്ചതോടെയൊണ് വകവരുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടത്. ഇതിനായി രണ്ടര ലക്ഷം രൂപക്ക് ഒന്നാം പ്രതി അനിമോനും കൂട്ടുകാരന്‍ മാഹിനും ക്വട്ടേഷന്‍ നല്‍കി.
അപകട മരണമെന്ന് പൊലീസ് വിധിയെഴുതി മൂന്നാഴ്ച പിന്നിടുമ്പോഴാണ് മകള്‍ റേച്ചലിന് ചില സംശയങ്ങള്‍ തോന്നിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ അച്ഛന്‍ നടത്തുമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മകള്‍ പൊലീസിന് പരാതി നല്‍കി. അനിമോന്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ച പൊലീസ്, ഇയാള്‍ നിരന്തരമായി സരിതയേയും അനൂപിനെയും വിളിക്കാറുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് പാപ്പച്ചന്റെ അക്കൗണ്ടുകള്‍ പരിശോധിച്ചത്. പ്രാഥമികമായി തിരിമറി കണ്ടെത്തിയതോടെ ബാങ്കിന്റെ ഓഡിറ്ററെ വിവരം അറിയിച്ചു. ക്രമക്കേട് ഓഡിറ്ററും ശരിവെച്ചതോടെയാണ് ഒറ്റ ദിവസം കൊണ്ട് സരിത ഉള്‍പ്പെടെ അഞ്ച് പ്രതികളേയും പിടികൂടിയത്.
വിവരം പൊലീസിന് ചോര്‍ത്തിക്കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി, കൊലക്ക് ക്വട്ടേഷൻ കൊടുത്ത ബാങ്ക് മാനേജറില്‍ നിന്ന് ക്വട്ടേഷന്‍ സംഘം പിന്നീട് 18 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് സരിതയും അക്കൗണ്ടന്റ് അനൂപും 25 ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചിരുന്നു. കുടുംബവുമായി അസ്വാരസ്യത്തിലാണ് പാപ്പച്ചന്‍ എന്ന കാര്യം മാനേജര്‍ അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു. നിക്ഷേപ തുകയില്‍ നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയത് പാപ്പച്ചന്‍ ചോദ്യം ചെയ്തപ്പോള്‍ അനുനയ ചര്‍ച്ചക്ക് എത്തി മടങ്ങും വഴിയാണ് പാപ്പച്ചന്റെ സൈക്കിളില്‍ അനിമോന്‍ ഓടിച്ച കാറിടിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള അനിമോന്‍ വാടകക്കെടുത്ത കാറാണ് സൈക്കിളില്‍ ഇടിച്ചത്. അനിമോന്റെ അക്കൗണ്ടിലേക്ക് എത്തിയ രൂപയുടെ കണക്ക് പിന്തുടര്‍ന്നാണ് മാനേജര്‍ സരിത അടക്കമുള്ളവരുടെ പങ്ക് പുറത്തുവന്നത്.
Follow us on :
Tags:
More in Related News
Please select your location.