Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ സമൂഹ വിവാഹം മെയ് 11 ന്; ഇതോടെ സുമംഗലികളാകുന്നവരുടെ എണ്ണം 121

04 May 2024 17:32 IST

Prasanth parappuram

Share News :

ആലുവ: മഹാദേവ ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുളള സമൂഹ വിവാഹം മെയ് 11 ന് നടക്കും. 7 പേരുടെ വിവാഹമാണ് ഈ വർഷം നടത്തുത്. ഇതോടെ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന 'മംഗല്യം' സമൂഹ വിവാഹ പദ്ധതി പ്രകാരം വിവാഹിതരായ യുവതികളുടെ എണ്ണം 121 ആകും. രാവിലെ 8.30. മുതൽ 10 വരെ ശ്രീപാർവ്വതിദേവിയുടെ നടയിൽ വച്ച് താലികെട്ടുചടങ്ങുകൾ നടക്കും, തുടർന്ന് തിരുവാതിര കല്യാണമണ്ഡപത്തിൽ വച്ച് നടക്കുന്ന അനുഗ്രഹ പ്രഭാഷണയോഗം കേരള ഹൈക്കോടതി ജസ്റ്റിസ് പി.വി.കുഞ്ഞി കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആലുവ എം.എൽ.എ. അൻവർ സാദത്ത്, മറ്റ് ജന പ്രതിനിധികളും പങ്കെടുക്കും, തുടർന്ന് വധൂവരന്മാരുടെ കുടുംബാംഗങ്ങൾക്കും, വിശിഷ്ടാതിഥികൾക്കും സദ്യയും ഉണ്ടായിരിക്കുന്നതാണ്.


ക്ഷേത്ര ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 2013ലാണ് മംഗല്യം വിവാഹ പദ്ധതി ആരംഭിച്ചത്. ആദ്യ വർഷം 9 യുവതികളാണ് സുമംഗലികളായത്. ക്ഷേത്ര ട്രസ്റ്റ് ആദ്യം അപേക്ഷ ക്ഷണിക്കും. ഇതിൽ നിന്നു വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരെ കണ്ടെത്തും. വരനെ വധുവിന്റെ വീട്ടുകാർ കണ്ടെത്തണം. ഇതിന് 2 മാസം അനുവദിക്കും. വധൂവരന്മാരെയും അവരുടെ വീട്ടുകാരെയും ഉൾപ്പെടുത്തി വിവാഹ പൂർവ കൗൺസലിങ് നടത്തും. വിവാഹത്തിന 2 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ ക്ഷേത്ര ട്രസ്റ്റ് നൽകും. വധുവിന്റെയും വരന്റെയും വിവാഹ വസ്ത്രവും നൽകും.

വധുവിന്റെയും വരന്റെയും ഭാഗത്തു നിന്ന് 50 പേർക്കു വീതം പങ്കെടുക്കാം. വിവാഹത്തിന് ഓരോ ജോഡിക്കും രണ്ടര ലക്ഷം രൂപയുടെ ചെലവാണ് ക്ഷേത്ര ട്രസ്റ്റ് വഹിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. ക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ടും ട്രസ്റ്റിന്റെ മംഗല്യ നിധിയിൽ ലഭിക്കുന്ന സംഭാവനയുമാണ് ഇതിന് ഉപയോഗിക്കുന്നത്. കൂടാതെ ഉത്സവങ്ങളിലെ ആർഭാടങ്ങൾ ഒഴിവാക്കിയും പണം കണ്ടെത്തുന്നു. ക്ഷേത്ര ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ സമീപ പ്രദേശത്ത് ഗുരുതര രോഗം ബാധിച്ചവർക്കു ചികിത്സാ സഹായം നൽകുന്നുണ്ട്.


ട്രസ്റ്റിന്റെ കീഴിലുള്ള യുപി, എൽപി സ്‌കൂളുകളിലെ വിദ്യാർഥികൾക്കു സൗജന്യമായ പഠനോപകരണം നൽകുകയും സൗജന്യ നിരക്കിൽ സ്‌കൂൾ ബസ് സർവീസ് നടത്തുകയും ചെയ്യുന്നു. എറണാകുളം ലക്ഷ്മി ആശുപത്രിയുടെയും ക്ഷേത്ര ട്രസ്റ്റിന്റെയും നേതൃത്വത്തിൽ തിരുവൈരാണിക്കുളത്ത് ഗൗരിലക്ഷ്മി ആശുപത്രി പ്രവർത്തിക്കുന്നുണ്ട്.

Follow us on :

More in Related News