Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Aug 2025 18:04 IST
Share News :
ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 50 കെട്ടിടങ്ങൾ ഒലിച്ചുപോയി; 60 പേരെ കാണാനില്ല. മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലുംപെട്ട് നാലുപേര്‍ മരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് സ്ഥിരീകരിച്ചു. അന്‍പതിലേറെപ്പേരെ കാണാതായി. വീടുകളും ഹോട്ടലുകളും ഒലിച്ചു പോയി; 20 പേരെ രക്ഷിച്ചു. . അതിനിടെ ദുരന്തത്തിൽപ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരികള്‍ പകര്‍ത്തിയ ദൃശ്യങ്ങളിൽനിന്നുതന്നെ സംഭവത്തിന്റെ ഭയാനകത ബോധ്യപ്പെടും. കുന്നിന്‍മുകളില്‍നിന്ന് പൊടുന്നനെയുണ്ടായ അതിശക്തമായ ജലപ്രവാഹം, നിരവധി കെട്ടിടങ്ങളെയും സസ്യജാലങ്ങളെയും തകർക്കുകയും ഒഴുക്കിക്കൊണ്ടുപോവുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് സംഭവം. ഹര്‍ഷിലിലെ കരസേനയുടെ ക്യാമ്പിലേക്ക് ഇവിടെ നിന്ന് കഷ്ടിച്ച് നാല് കിലോമീറ്റര്‍ ദൂരമേയുള്ളൂ. അതിനാല്‍ തന്നെ മണ്ണിടിച്ചിലുണ്ടായ ഉടന്‍ തന്നെ സൈന്യത്തിന്റെ 150 പേരടങ്ങുന്ന സംഘം 10 മിനിറ്റിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി.
ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ മേഘവിസ്‌ഫോടനമാണ് ദുരന്തത്തിന് കാരണമായെന്നാണ് വിവരം. സംഭവം അതീവ വേദനാജനകമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരാഖണ്ഡില്‍ മഴ ശക്തമായി തുടരുകയാണ്. പ്രദേശത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിവരം. തുടര്‍ച്ചയായി പെയ്യുന്ന മഴയും റോഡുകള്‍ തടസ്സപ്പെട്ടതും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. അതേസമയം കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നുണ്ട്.
ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, പോലീസ് എന്നീ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രംകൂടിയായ പ്രദേശത്ത് ഇരുപതിലേറെ ഹോട്ടലുകളും ഒട്ടേറെ ഹോം സ്‌റ്റേകളുമുണ്ടായിരുന്നു. ഇവയില്‍ മിക്കതും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇവയ്ക്കിടയിലെല്ലാം തൊഴിലാളികളും സഞ്ചാരികളും കുടുങ്ങിക്കിടക്കുന്നുണ്ടാവാമെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. ഒട്ടേറെ കന്നുകാലികളും പ്രദേശത്തുണ്ടായിരുന്നു.
പ്രാദേശികമായ ഒരു ഉത്സവം നടക്കുന്ന സമയംകൂടിയായിരുന്നെന്നും പോലീസ് പറഞ്ഞു. സംസ്ഥാനത്തെ മറ്റൊരു പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഹര്‍ഷിലില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, പുഷ്‌കര്‍ സിങ് ധാമിയുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിനെയും ദേശീയ ദുരന്ത നിവാരണ സേനയെയും ഉടന്‍ സ്ഥലത്തെത്തിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി. ഓഗസ്റ്റ് പത്തുവരെ ഉത്തരാഖണ്ഡില്‍ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
Follow us on :
More in Related News
Please select your location.