Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഹാറി സാരിയുടുത്ത് ബിഹാറിന് കൈനിറയെ വാരിക്കോരി നല്‍കി നിര്‍മല; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

01 Feb 2025 13:52 IST

Shafeek cn

Share News :

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ബിഹാറിന് കൈനിറയെ പ്രഖ്യാപനവുമായി ബിഹാര്‍ സ്നേഹം ബജറ്റില്‍ തുടര്‍ക്കഥയാക്കി കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയായി മാറിയ അവരുടെ എട്ടാമത്തെ ബജറ്റില്‍ സഭയിലെത്തിയത് ബിഹാറില്‍ നിന്നുള്ള മധുബനി സാരിയുടുത്താണ്. ആ കരുതലും സ്നേഹവും ബജറ്റിലെ പ്രഖ്യാപനങ്ങളില്‍ ബിഹാറിനോട് ധനമന്ത്രി കാണിച്ചു. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ ബിഹാറിന് വന്‍ പ്രഖ്യാപനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.


നിതീഷ് കുമാറിന്റെ ജെഡിയുവിനെ എന്‍ഡിഎയില്‍ ഉറപ്പിച്ചു നിര്‍ത്താനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി- ജെഡിയു സഖ്യത്തിന് വിജയിക്കാനും കളമൊരുക്കുകയാണ് ബജറ്റിലെ പ്രഖ്യാപനങ്ങളിലൂടെ നിര്‍മ്മല. കഴിഞ്ഞ വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാത്തതിനാല്‍ പിന്തുണച്ച് നിര്‍ത്തിയ ജെഡിയു മറുകണ്ടം ചാടാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് ബജറ്റിലെ കരുതല്‍.


പ്രോട്ടീന്‍ സമൃദ്ധമായ താമരവിത്ത് കൃഷി പ്രോത്സാഹിപ്പിക്കാന്‍ ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്നാണ് ഇന്നത്തെ ബജറ്റിലെ ബിഹാറിനുള്ള ആദ്യ പ്രധാന പ്രഖ്യാപനം. സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്ന പേരിലറിയപ്പെടുന്ന താമരവിത്ത്. ലോകത്തിലെ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്ന ബിഹാര്‍ മഖാനയ്ക്കായി പ്രത്യേക ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ ആവശ്യം മോദിസര്‍ക്കാര്‍ ബജറ്റിലൂടെ അംഗീകരിച്ചതിന്റെ ബാക്കിപത്രമാണ് മഖാന ബോര്‍ഡ്. ഐഐടി പട്‌ന വികസിപ്പിക്കുമെന്നും ബിഹാറിനെ ഫുഡ് ഹബ്ബാക്കുമെന്നും കേന്ദ്രബജറ്റ് 2025 പറയുന്നു. ബീഹാറിന് ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍. മിഥിലാഞ്ചല്‍ മേഖലയില്‍ കനാല്‍ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.


സംസ്ഥാനം സുപ്രധാന നിയമസഭാ തിരഞ്ഞെടുപ്പിന് കടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് ബിഹാറിന് വലിയ സമ്മാനങ്ങള്‍ ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനേക്കാള്‍ സീറ്റ് നേടിയ ബിജെപി ഒറ്റയ്ക്ക് ബിഹാര്‍ പിടിക്കാനുള്ള മോഹവും കൊണ്ടുനടക്കുന്നുണ്ട്. രാഷ്ട്രീയ ഭിന്നതകള്‍ക്കിടയില്‍ നിരവധി അട്ടിമറികളും ചാട്ടവും കുതികാല്‍വെട്ടും നടത്തിയ നിതീഷ് കുമാര്‍ മുഖ്യമന്ത്രിക്കസേരയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞ കുറി ബിജെപിയ്ക്കൊപ്പം നിന്നത് ഇന്ത്യ സഖ്യത്തെ അട്ടിമറിച്ചാണ്. മറ്റൊരു തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ബിഹാര്‍ ഒരുങ്ങുമ്പോള്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ നേടിയ കുമാറിന്റെ ജെഡിയു ബിജെപിക്ക് രാജ്യത്ത് ഭൂരിപക്ഷം കുറഞ്ഞതിനെ തുടര്‍ന്ന് ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെഡിയുവിന്റെയും എന്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെയും പിന്തുണ ബിജെപിയ്ക്ക് അത്യാവശ്യമായതിനാല്‍ എന്‍ഡിഎ മുന്നണിയില്‍ കിങ്മേക്കറായ ഇരുവരും കരുത്തരാണ്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ഭരണകക്ഷിയായ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുമ്പോള്‍ നിതീഷ് കുമാര്‍ ബിഹാറില്‍ വീണ്ടും പല രാഷ്ട്രീയ കളികള്‍ക്കും കോപ്പുകൂട്ടുകയാണ്


Follow us on :

More in Related News