Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2026 14:36 IST
Share News :
മംഗളൂരു: ചിക്കമഗളൂരു ബുധൻഗിരി മലയിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് മൃതദേഹം പുറത്തെത്തിക്കാൻ ശ്രമിക്കുകയാണ്.
മാണിക്കധാര വെള്ളച്ചാട്ടത്തിന്‍റെ വ്യൂ പോയിന്‍റിനോട് ചേർന്നുള്ള ചെങ്കുത്തായ മേഖലയിൽവച്ചാണ് കുട്ടിയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്-രോഹിണി ദമ്പതികളുടെ മകളായ ശ്രീനന്ദയെ (15) ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണു കാണാതായത്.
സ്വന്തം കുടുംബാംഗങ്ങളടങ്ങുന്ന നാല്പതംഗ സംഘത്തിനൊപ്പമായിരുന്നു പെൺകുട്ടി ബുധൻഗിരി മലയിലെത്തിയത്. പെൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി കുടുംബം ചിക്കമഗളൂരു നോർത്ത് പോലീസിൽ പരാതി നൽകിയത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കുടുംബാംഗങ്ങളെല്ലാം പലവഴിക്കുനിന്ന് ഫോട്ടോയെടുക്കുന്നതിനിടയിലാണ് ശ്രീനന്ദയെ കാണാതായത്. മലയുടെ അല്പം താഴെയുള്ള ഭാഗത്താണ് കുടുംബാംഗങ്ങൾ ഉണ്ടായിരുന്നത്. മുകളിൽ ഇവരുടെ വാഹനങ്ങൾ നിർത്തിയിട്ട ഭാഗത്തേക്ക് ശ്രീനന്ദ കയറിപ്പോകുന്നത് കണ്ടവരുണ്ട്. എന്നാൽ കഷ്ടിച്ച് നാലുമിനിറ്റ് കഴിഞ്ഞ് മറ്റുള്ളവർ അവിടെയെത്തുമ്പോഴേക്ക് ശ്രീനന്ദ അവിടെയുണ്ടായിരുന്നില്ല.
കയറുന്നതിനിടെ വഴിതെറ്റി സമീപത്തെ കാട്ടിൽ അകപ്പെട്ടുപോയതാകാമെന്നു കരുതിയാണ് തുടക്കത്തിൽ തെരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ കുന്നിന്‍റെ 300 അടി താഴ്ചയിൽ വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. സമീപത്തുള്ള മാണിക്കധാര വെള്ളച്ചാട്ടത്തിനു സമീപത്തും പരിശോധന നടത്തിയിരുന്നു.
റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ദുരന്തനിവാരണ സേന, വനം വകുപ്പ്, പോലീസ്, അഗ്നിരക്ഷാസേന എന്നിവർ സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
Follow us on :
More in Related News
Please select your location.