Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 16:27 IST
Share News :
ജനങ്ങളെ സംരക്ഷിക്കേണ്ട കേരള പൊലീസ് തന്നെ ജനങ്ങളെ ദ്രോഹിക്കുന്ന വാർത്തകളാണ് സ്ഥിരം പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം കേരള പൊലീസിനെ പുകഴ്ത്തുമ്പോഴും നെറികേടിന്റെ സ്വരമാണ് കേരള പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിൽ ദമ്പതികളടക്കം ഒരു സംഘത്തെ പൊലീസ് മർദിച്ചത്. ഇപ്പോഴിതാ ഇടുക്കിയിൽ നിന്നും ഇത്തരത്തിൽ ഒരു വാർത്തയാണ് പുറത്ത് വരുന്നത്.
ഇടുക്കി കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്കാണ് പൊലീസിന്റെ ക്രൂരമർദനമുണ്ടായത്. കമ്പംമെട്ട് സിഐ ഷമീർ ഖാനാണ് ഓട്ടോ ഡ്രൈവറായ മുരളീധരൻ്റെ കരണത്തടിച്ചത്. അടിയേറ്റ് നിലത്ത് വീണ മുരളീധരൻ്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. മർദ്ദനമേറ്റ് തൻ്റെ പല്ല് പൊട്ടിപ്പോയെന്നും മുരളീധരൻ പറയുന്നു.
സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി ഒന്നും ഉണ്ടായില്ല. മർദ്ദനമേറ്റ കാര്യം മുരളീധരൻ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. എന്നാൽ മുരളീധരനെ പോലീസ് തല്ലിയതിന്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന് കിട്ടിയത്. തുടർന്ന് ജനുവരി 16 നാണ് പരാതിയുമായി മുരളീധരന്റെ കുടുംബം രംഗത്തെത്തിയത്. എസ്‌പി ഓഫീസിലാണ് കുടുംബം പരാതി നൽകിയത്.
വീഡിയോ കണ്ടാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും എസ്‌പി ഓഫീസിൽ പരാതി നൽകിയ ശേഷം ഡിവൈഎസ്‌പി ഓഫീസിൽ വിളിച്ച് മൊഴിയെടുത്തെന്നും മുരളീധരന്റെ മകൾ അശ്വതി പറഞ്ഞു. എന്നാൽ പിന്നീട് നടപടിയൊന്നും ഉണ്ടായില്ലെന്നും അശ്വതി പറഞ്ഞു. അതേസമയം സംഭവത്തിൽ എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ എഎസ്‌പിയോട് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ വിഷ്‌ണു പ്രദീപ് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ഇക്കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തിന് നേരെ പൊലീസ് അതിക്രമം ഉണ്ടായത്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് വിവാഹ സംഘത്തെ ആക്രമിച്ചത്. എന്നാൽ മര്‍ദനത്തിൽ എസ്ഐയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്നു. വിവാഹ സംഘത്തെ ആക്രമിച്ചത് ആളുമാറിയാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
പൊലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണെന്നും ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറഞ്ഞിരുന്നു. വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങിയ കോട്ടയം സ്വദേശികൾക്കാണ് പൊലീസിന്‍റെ മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിന്നവരെയാണ് പൊലീസ് മര്‍ദിച്ചത്. 20 അംഗ സംഘമാണ് ട്രാവലറിലുണ്ടായിരുന്നത്. സംഭവത്തിൽ പരാതി പരിശോധിക്കട്ടെയെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഒരു കാരണവും ഇല്ലാത്ത പൊലീസിന്റെ ഇത്തരത്തിൽ ഉള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. കേരള പൊലീസ് മികച്ചത് എന്ന് പറയുമ്പോഴും നിരന്തരം ഇത്തരത്തിലുള്ള പ്രവർത്തികൾ വർധിച്ച് വരുന്നതും പരിശോധിക്കേണ്ട കാര്യമാണ്. ഇതൊന്നും ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റുന്ന കാര്യമല്ല. ഇത്തരം വിഷയത്തിൽ തീർച്ചയായും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.
Follow us on :
Tags:
Please select your location.