Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 18:54 IST
Share News :
തലയോലപ്പറമ്പ്: കെ പി പിഎല്ലിൽ നിന്നും മൂവാറ്റുപുഴയാറിലേക്ക് മലിനജലം പുറന്തള്ളൽ രൂക്ഷമായതോടെ ജനം ഭീതിയിൽ.
നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട മറവൻതുരുത്തിലാണ് എറ്റവും കൂടുതൽ ദുരിതം. മൂവാറ്റു പുഴയാറിൽ നിന്നും നേരിട്ട് തോടുകളും, കൈത്തോടുകളിലുമായി എത്തുന്ന ജലത്തെ ആശ്രയിച്ചാണ് ജനജീവിതം മുന്നോട്ട് പോകുന്നത്. എന്നാൽ കമ്പനി പുറന്തള്ളുന്ന മലിനജലം മൂവാറ്റുപുഴയാറിനേയും വേമ്പനാട്ടുകായലിനേയും വിഷമയമാക്കിയിരിക്കുന്നത് മൂലം കിണർ വഴിയും മറ്റ് ജലസ്രേതസ്സുകൾ വഴിയും എത്തുന്ന വെള്ളം കുടിക്കുവാനോ, കൃഷി ചെയ്യുവാനോ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ കഴിയാത്ത സ്ഥിതിയാണ്. കിണർ ഉൾപ്പടെയുള്ള ജലസ്രോതസ്സുകളിൽ എത്തുന്ന മലിനജലത്തിൽ രാസമാലിന്യങ്ങളും, ജൈവമാലിന്യങ്ങളും അടങ്ങിയതിനാൽ വെള്ളത്തിന് രൂക്ഷമായ ദുർഗന്ധവും മൂലം ഉപയോഗിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പുഴയിൽ നേരിട്ട് കുളിക്കാൻ ഇറങ്ങുന്നവർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന സ്ഥിതിയാണ്. മലിനജലം തള്ളുന്നത് മൂലം പുഴയുടെ തീരത്തുള്ള പതിനായിരക്കണക്കിന് കുടുംബങ്ങൾ ഏറെ പ്രതിസന്ധിയിലാണ്. വെള്ളൂർ, തലയോലപ്പറമ്പ്, ചെമ്പ്, ഉദയനാപുരം പഞ്ചായത്തിലെ ജനങ്ങളേയും മലിനജലം പ്രത്യക്ഷമായി ബാധിക്കുന്ന സ്ഥിതിയാണ്. മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും മത്സ്യ സമ്പത്തിനെയും ഇല്ലാതാക്കുകയും ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ് ഇതുമൂലം സംജാതമായിരിക്കുന്നത്.
കമ്പനി ശുദ്ധീകരണ സംവിധാനം ഉപയോഗിച്ച് ഫലപ്രദമായി ശുദ്ധീകരിക്കാതെ മൂവാറ്റുപുഴയാറിലേക്ക് നേരിട്ട് പുറന്തള്ളുന്നതാണ് മാലിന്യപ്രശ്നം രൂക്ഷമാകാൻ കാരണം. മൂവാറ്റുപുഴയാറിൽ മലിനീകരണം രൂക്ഷമായതോടെ
മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി കെ പി പി എൽ അധികൃതരെ നേരിട്ട് സന്ദർശിച്ച് ഇത് സംബന്ധിച്ച് നിവേദനം നൽകി. തുടർന്ന് കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി ജനങ്ങളുടെ പ്രതിക്ഷേധം അറിയിക്കുകയായിരുന്നു.
മലിനീകരണം ഇനിയും തുടരുന്ന സാഹചര്യം ഉണ്ടായാൽ പഞ്ചായത്ത് നിയമനടപടികളിലേക്ക് പോകുമെന്ന് അധികൃതരെ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി, വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ബി രമ, പോൾ തോമസ്, ബിന്ദു പ്രദീപ് , സീമാ ബിനു, കെ.എസ് ബിജുമോൻ, പി.കെ മല്ലിക, പ്രമീളാ രമണൻ, മോഹൻ കെ.തോട്ടുപുറം, ഗീതാ ദിനേശൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് നിവേദനത്തിലൂടെ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.