Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 19:30 IST
Share News :
കോഴിക്കോട് :
നേതൃ വിമർശനം നടത്തിയെന്നാരോപിച്ച് മുശാവറ അംഗം മുസ്തഫല്‍ ഫൈസിയെ സമസ്ത മുശാവറയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മലപ്പുറത്തെ നവോത്ഥാന സമ്മേളനത്തിലെ പരാമർശത്തിലാണ് നടപടി. വിശദീകരണം തേടാതെ നടപടി എടുത്തതില്‍ പ്രതിഷേധിച്ച് സമസ്ത നൂറാം വാർഷിക സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ നിന്ന് ലീഗ് അനുകൂല സമസ്ത നേതാക്കള്‍ പങ്കെടുത്തില്ല.
ജനുവരി 31 ന് മലപ്പുറത്ത് നടന്ന നവോത്ഥാന സമ്മേളനത്തില്‍ മുസ്തഫല്‍ ഫൈസി നടത്തിയ പ്രസംഗത്തിലെ വരികളാണ് സമസ്ത നേതൃത്വത്തെ പ്രകോപിപ്പിച്ചത്. പ്രസംഗത്തിൽ സമസ്തയിലേക്ക് വൈകി വന്നവർ എന്ന പരാമർശം സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ ഉദ്ദേശിച്ചാണെന്ന് ഇന്ന് കോഴിക്കോട് നടന്ന മുശാവറ യോഗത്തില്‍ ചിലർ ഉന്നയിച്ചു. ഇതിനെ തുടർന്ന് അന്വേഷണ വിധേയമായി മുസ്തഫല്‍ ഫൈസിയെ മുശാവറയില്‍ നിന്ന് സസ്പെൻഡ് ചെയ്യുവാൻ തീരുമാനിക്കുകയായിരുന്നു. വിശദീകരണം ചോദിക്കാതെ നടപടിയെടുത്തതിനെ യോഗത്തിൽ വെച്ച് തന്നെ പല മുശാവറ അംഗങ്ങളും ചോദ്യം ചെയ്തെങ്കിലും സമസ്തയുടെ തീരുമാനം എന്ന് പറഞ്ഞ് ചർച്ച അവസാനിപ്പിക്കുകയായിരുന്നു. ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് ലീഗ് അനുകൂല നേതാക്കള്‍ ഉച്ചക്ക് ശേഷം സമസ്ത ഓഫീസിൽ
നടന്ന നൂറാം വാർഷിക സ്വാഗത സംഘം രൂപീകരണത്തില്‍ പങ്കെടുത്തില്ല. മുശാവറ അംഗം ഡോ. ബഹാവുദ്ദീന്‍ നദ്‌വി, പോഷക സംഘടനാ നേതാക്കളായി യു. ഷാഫി ഹാജി, എം.സി മായിന്‍ ഹാജി, നാസർ ഫൈസി കൂടത്തായി തുടങ്ങിിയവരാണ് സ്വാഗത സംഘ രുപീകരണ പരിപാടിയില്‍ നിന്ന് വിട്ടു നിന്നത്. നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നറിയിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പരിപാടക്കെത്തിയില്ല
സമസ്തയിലെ ആഭ്യന്തര തർക്കങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടായ ഘട്ടത്തിലാണ് പുതിയ പുറത്താക്കലുണ്ടായത്. ഇതോടെ സമസ്തയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ വീണ്ടും രൂക്ഷമാകുമെന്ന സൂചനയാണ്
മറുവിഭാഗത്തിൻ്റെ വിട്ടു നില്ക്കലോടെ സംജാതമായിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇരുവിഭാഗവും കൂടുതൽ പ്രതികരണങ്ങളുമായി രംഗത്തെത്തുവാനാണ് സാധ്യത.
Follow us on :
Tags:
More in Related News
Please select your location.