Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിൽ 1,661 കോടി രൂപയുടെ അധിക നിക്ഷേപത്തിന് ഒരുങ്ങി ആസ്റ്റർ; മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി ഡോ. ആസാദ് മൂപ്പൻ

25 Jun 2026 13:27 IST

NewsDelivery

Share News :

തിരുവനന്തപുരം, ജൂൺ 24,2026: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ആസ്റ്ററും ക്വാളിറ്റി കെയർ ഇന്ത്യയും തമ്മിലുള്ള ലയനത്തോടെ, വരും വർഷങ്ങളിൽ കേരളത്തിൽ 1,661 കോടി രൂപയുടെ അധിക നിക്ഷേപം നടത്തി പുതുതായി 1,315 കിടക്കകൾ കൂടി കൂട്ടിച്ചേർക്കും. ഇതുവഴി, പുതുതായി 7,900-ഓളം അധിക തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും. കൂടിക്കാഴ്ചയിൽ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസര സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് പുരോഗമനപരവും വികസനോന്മുഖവുമായ ബജറ്റ് അവതരിപ്പിച്ചതിന് അദ്ദേഹം മുഖ്യമന്ത്രിയെ അഭിനന്ദിച്ചു.


ലയനശേഷം സംയുക്ത ശൃംഖലയ്ക്ക് കീഴിൽ കേരളത്തിൽ 4,575 കിടക്കകളുള്ള 11 ആശുപത്രികൾ പ്രവർത്തിക്കും. ഇത് അത്യാധുനിക ടെർഷ്യറി, ക്വാട്ടേണറി പരിചരണ സേവനങ്ങൾ നൽകിക്കൊണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തമായ ആരോഗ്യ ശൃംഖലകളിലൊന്നായി മാറും. ആസ്റ്റർ മാത്രം കേരളത്തിൽ 834 കിടക്കകൾ കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിൽ തിരുവനന്തപുരത്ത് ഉടൻ യാഥാർത്ഥ്യമാകുന്ന 454 കിടക്കകളുള്ള ആസ്റ്റർ ആശുപത്രിയും ഉൾപ്പെടുന്നു. ഇത് തെക്കൻ കേരളത്തിലെ അത്യാധുനിക ചികിൽസാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും.


കേരളത്തോടുള്ള ആസ്റ്ററിന്റെ ദീർഘകാല പ്രതിബദ്ധത ഡോ. ആസാദ് മൂപ്പൻ വീണ്ടും ഉറപ്പിച്ചുകൊണ്ട് സംസ്ഥാനത്തുടനീളം ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ, ഹെൽത്ത് കെയർ ടെക്നോളജി, മെഡിക്കൽ ടൂറിസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും അദ്ദേഹം ചർച്ച ചെയ്തു. ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി കേരളത്തെ മാറ്റുകയെന്ന സംസ്ഥാന സർക്കാരിന്റെ ലക്ഷ്യത്തിൽ പങ്കാളികളാകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു.


ആസ്റ്ററിന്റെ പ്രയാണത്തിൽ കേരളത്തിന് എപ്പോഴും സവിശേഷമായ സ്ഥാനമാനുള്ളതെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. ഇന്ത്യയിലും ലോകമെമ്പാടും ആദരിക്കപ്പെടുന്ന, അത്യന്തം വൈദഗ്ധ്യമുള്ള ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും കേരളത്തിലുണ്ടെന്നത് സംസ്ഥാനത്തിന്റെ വലിയൊരു നേട്ടമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക കാൻസർ ചികിത്സാ സൗകര്യങ്ങൾ സ്ഥാപിക്കുന്ന ആസ്റ്ററിന്റെ ചരിത്രപരമായ 120 കോടി രൂപയുടെ കാൻസർ കെയർ സി.എസ്.ആർ പ്രോഗ്രാമിനെക്കുറിച്ച് ഡോ. മൂപ്പൻ വിശദീകരിച്ചു.


ഈ പദ്ധതിക്ക് കീഴിലുള്ള ആദ്യ പ്രൊജക്റ്റ് വയനാട്ടിലെ അത്യാധുനിക ലീനിയർ ആക്സിലറേറ്ററിന്റെ സ്ഥാപനമാണ്. ഇതിലൂടെ പിന്നാക്ക മേഖലകളിൽ നിന്നുള്ള രോഗികൾക്ക് മെച്ചപ്പെട്ട റേഡിയേഷൻ തെറാപ്പി ലഭ്യമാകും. ചികിത്സയ്ക്കായി സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ തടസ്സങ്ങൾ നേരിടുന്ന ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് ഈ പദ്ധതി വലിയ അനുഗ്രഹമാകും.

Follow us on :

More in Related News