Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2026 17:34 IST
Share News :
സാഹിത്യത്തിൽ ജെൻസി (Gen Z), ആൽഫ (Alpha) തലമുറകൾ എത്രത്തോളം ദൃശ്യമാണെന്ന വിഷയം കേരളാ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനം ചർച്ചയായി. ഷിജു ആർ ഏകോപനം ചെയ്ത ചർച്ചയിൽ വിനോയ് തോമസ്, സുദീപ് ടി ജോർജ്, ശ്യാം സുധാകർ, ജിൻഷാ ഗംഗ എന്നിവർ തങ്ങളുടെ നിരീക്ഷണങ്ങൾ പങ്കുവെച്ചു . 1997-നും 2012-നും ഇടയിൽ ജനിച്ച ജെൻസി തലമുറയുടെ ജീവിതം സാഹിത്യത്തിൽ വേണ്ടവിധം അടയാളപ്പെടുത്തുന്നുണ്ടോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. വായനയിൽ നിന്ന് പുതിയ തലമുറ അകന്നുപോകുന്നതിന് നിലവിലെ വിദ്യാഭ്യാസ രീതിയും പാഠപുസ്തകങ്ങളും കാരണമാകുന്നുണ്ടെന്ന് വിനോയ് തോമസ് തന്റെ അധ്യാപന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടി. 'ആകാശവിസ്മയം' എന്ന തന്റെ പുസ്തകം ഹൈസ്കൂൾ കുട്ടികളുടെ ജീവിതം പ്രതിപാദിക്കുന്നതാണെന്നും ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങൾ സാഹിത്യത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജെൻZ എന്നത് കേവലം പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വർഗ്ഗീകരണമല്ലെന്നും മറിച്ച് ഒരു സമൂഹമായി അതിനെ കാണണമെന്നും സുദീപ് ടി ജോർജ് അഭിപ്രായപ്പെട്ടു. ജെൻZയെ ഒരു തലമുറയായി അല്ല, ഒരു സമൂഹമായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും, പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വന്ന ഇത്തരം പേരുവിളികൾക്ക് അപ്പുറം, ഉൾനാടൻ ഗ്രാമങ്ങളിലെ യുവതലമുറ ഇന്നും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലൂടെയും ദുരിതങ്ങളിലൂടെയുമാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പുതിയ കാലഘട്ടത്തിൽ ജെൻസികൾക്കിടയിൽ ഇംഗ്ലീഷ് രചനകളോടുള്ള താല്പര്യം വർദ്ധിക്കുന്നതായും ഡിജിറ്റൽ ഇടങ്ങൾ അവരുടെ പ്രധാന ലോകമായി മാറുന്നതായും കവിയും അധ്യാപകനുമായ ശ്യാം സുധാകർ നിരീക്ഷിച്ചു . ജെൻസി തലമുറയുടെ ഭാഷയും ചിഹ്നങ്ങളും പലപ്പോഴും മുൻതലമുറയ്ക്ക് മനസ്സിലാക്കാൻ പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജെൻസി പ്രതിനിധി കൂടിയായ എഴുത്തുകാരി ജിൻഷാ ഗംഗ, പുതിയ തലമുറയുടെ സങ്കീർണ്ണമായ പെരുമാറ്റരീതികളും ബന്ധങ്ങളിലെ ആഴക്കുറവും സാഹിത്യത്തിൽ കൊണ്ടുവരുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പങ്കുവെച്ചു. അമിതമായ സത്യസന്ധത പുലർത്തുന്ന ഈ തലമുറയിൽ നിന്ന് ഫിക്ഷൻ അല്ലെങ്കിൽ 'നുണകൾ' ചേർന്ന സാഹിത്യം എങ്ങനെ രൂപപ്പെടുമെന്ന ആകാംക്ഷയും അവർ പ്രകടിപ്പിച്ചു . ഓരോ തലമുറയും മുൻഗാമികളോട് കലഹിച്ചുകൊണ്ടാണ് വളരുന്നതെന്നും എന്നാൽ ആ കലഹത്തിലും ഒരു തുടർച്ചയുണ്ടെന്നും മോഡറേറ്ററായ ഷിജു ആർ ചർച്ചയിൽ സൂചിപ്പിച്ചു. ജെൻസി തലമുറയുടെ സവിശേഷതകളെയും അവർ നേരിടുന്ന വെല്ലുവിളികളെയും സൈദ്ധാന്തികമായി വിശകലനം ചെയ്തുകൊണ്ടാണ് സംവാദം അവസാനിച്ചത് .
Follow us on :
More in Related News
Please select your location.