Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ അവാർഡ് സംവിധായകൻ സിബി മലയിലിന് മുഖ്യമന്ത്രി വി. ഡി. സതീശൻ സമർപ്പിച്ചു

18 Jul 2026 22:14 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ സ്‌മരണാർത്ഥം, മികച്ച പൊതുജന സേവനത്തിനുള്ള 'ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ അവാർഡ്-2026' പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ശ്രീ. സിബി മലയിലിന് സമ്മാനിച്ചു. കോട്ടയം ശാസ്ത്രി റോഡിലുള്ള ദർശന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശനാണ് അവാർഡ് സമർപ്പണം നിർവ്വഹിച്ചത്. ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ചേർത്തുനിർത്തലിൻ്റെയും സന്ദേശങ്ങൾ സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കിയ സവിശേഷ വ്യക്തിത്വമായിരുന്നു മാർ കുര്യാക്കോസ് കുന്നശ്ശേരിയെന്ന് മുഖ്യമന്ത്രി തന്റെ പ്രഭാഷണത്തിൽ അനുസ്‌മരിച്ചു. ആത്മീയമായ നേതൃത്വത്തിനൊപ്പം തന്നെ സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള മികച്ച ദീർഘവീക്ഷണവും ക്നാനായ സമുദായത്തിന് വലിയ സംഭാവനകളും നൽകിയ പിതാവായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി ചടങ്ങിൽ ഓർമ്മിച്ചു .

ചടങ്ങിൽ വെച്ച് നിയമസഭാംഗമായി 25 വർഷം പൂർത്തിയാക്കിയ ഫൗണ്ടേഷൻ ട്രസ്റ്റിയും ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുമായ ശ്രീ. മോൻസ് ജോസഫിനെ ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് ആദരിച്ചു.

ഫൗണ്ടേഷൻ ചെയർമാൻ ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ശ്രീ. തോമസ് ചാഴിക്കാടൻ സ്വാഗതവും, കേരള നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഭിവന്ദ്യ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി അനുസ്മരണ പ്രഭാഷണം നടത്തി, കോട്ടയം അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേമും ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫും ആശംസപ്രസംഗം നടത്തി. ഷെവലിയർ അഡ്വ. ജോയ് ജോസഫ് കൊടിയന്തറ പ്രസംസാപത്രപാരായണം നടത്തി. ഓർഗനൈസിങ് സെക്രട്ടറിമാരായ സിറിയക്ക് ചാഴികാടൻ, ഡോ: ജോസഫ് സണ്ണി കുന്നശ്ശേരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രൊഫ. മേരി രമണി തറയിൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ദീപിക മാനേജിംഗ് ഡയറക്‌ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ, സിനിമാ നിർമ്മാതാക്കളായ പ്രേംപ്രകാശ്, ജോയി തോമസ്, പ്രശസ്ത തിരക്കഥാകൃത്തുകളായ ബോബി-സഞ്ജയ്, പി.യു തോമസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Follow us on :

More in Related News