Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മുവിന്‍റെ മരണം; മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാൻ രക്ഷിതാക്കളുടെ അനുമതി തേടി, ഫോൺ ഫോറൻസിക് പരിശോധനക്ക് നൽകും

19 Nov 2024 08:40 IST

Shafeek cn

Share News :

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ആരോപണവിധേയരായ മൂന്ന് വിദ്യാർത്ഥികളും വീടുകളിലാണ്. രക്ഷിതാക്കളുടെ അനുമതി വാങ്ങി അവരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. സഹപാഠികളായ മൂന്ന് വിദ്യാർത്ഥികളും അമ്മുവുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അധ്യാപകർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.


അമ്മുവും സഹപാഠികളുമായുള്ള പ്രശ്നം കോളേജിനുള്ളിൽ തന്നെ പരിഹരിച്ചതാണ്, ആത്മഹത്യ ചെയ്യേണ്ട കാരണങ്ങൾ ഇല്ലായിരുന്നുവെന്നാണ് അമ്മു സജീവിന്‍റെ ക്ലാസ് ടീച്ചർ ഉൾപ്പെടെ മൊഴി നൽകിയത്. കോളേജ് പ്രിൻസിപ്പലിന്‍റെയും അധ്യാപകരുടെയുമടക്കം മൊഴികൾ പൊലീസ് കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. അമ്മുവും സഹപാഠികളും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു.


ലോഗ് ബുക്ക് കാണാതായും, ടൂർ കോഓഡിനേറ്ററായി അമ്മുവിനെ തെരഞ്ഞെടുത്തുമൊക്കെ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം രൂക്ഷമാക്കിയെന്നാണ് കോളേജ് പ്രിൻസിപ്പൽ അബ്ദുൾ സലാം പറയുന്നത്. വിദ്യാർത്ഥികൾ തമ്മിലുണ്ടായിരുന്ന പ്രശ്നം രൂക്ഷമായിരുന്നുവെന്നും എന്നാൽ ഇത് പറഞ്ഞ് പരിഹരിച്ചിരുന്നുവെന്ന് ക്ലാസ് ടീച്ചർ സമിത ഖാനും വ്യക്തമാക്കി. അധ്യാപകരുടെ മൊഴിയുടെ പശ്ചാത്തലത്തിലാണ് സഹപാഠികളുടെ മൊഴിയെടുക്കാൻ പൊലീസ് ശ്രമം.


ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്തനംതിട്ട ചുട്ടിപ്പാറ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവ് താഴെവെട്ടിപ്രത്തെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണു മരിക്കുന്നത്. വീഴ്ചയിൽ നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റിരുന്നു. അമ്മുവിന്‍റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. അമ്മു സജീവിന്‍റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മുവും സഹപാഠികളും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. വിദ്യാർത്ഥികളെ ചോദ്യം ചെയ്യുന്നതിന് പുറമേ അമ്മുവിന്‍റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകി വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

Follow us on :

More in Related News