Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 17:35 IST
Share News :
ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം, എണ്ണിയ വോട്ടുകളും പോൾ ചെയ്ത വോട്ടുകളും തമ്മിൽ
ഗുരുതരമായ പൊരുത്തക്കേടുകളെന്ന് റിപ്പോർട്ട്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ആകെ പോൾ ചെയ്ത വോട്ടുകൾ 64,088,195 ആയിരുന്നു. അതായത് ആകെ വോട്ടർമാരിൽ 66.05 ശതമാനം പേർ വോട്ട് ചെയ്തുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയ അന്തിമ കണക്ക്.
എന്നാൽ ഫല പ്രഖ്യാപന ദിവസം ആകെ എണ്ണിയതാകട്ടെ 64,592,508 വോട്ടുകളാണെന്നാണ് കണക്കുകൾ പറയുന്നത്. ഇങ്ങനെയാകുമ്പോൾ തിരഞ്ഞെടുപ്പ് ദിവസം പോൾ ചെയ്ത വോട്ടിനെക്കാൾ 504,313 അധികം വോട്ടുകൾ വോട്ടെണ്ണൽ ദിവസം കൂടിയതായാണ്കണക്കുകൾ വ്യക്തമാക്കുന്നത്. ദി വയറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.
മഹാരാഷ്ട്രയിൽ ആകെയുള്ള 288 നിയമസഭാ സീറ്റുകളിൽ എട്ടുമണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കുറവായിരുന്നു എണ്ണിയ വോട്ടുകൾ. ബാക്കിയുള്ള 280 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകൾ എണ്ണിയിരുന്നു. പോൾ ചെയ്തതിനേക്കാൾ 4,538 വോട്ടുകൾ കൂടുതൽ എണ്ണിയ അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് ഏറ്റവും പ്രകടമായ പൊരുത്തക്കേടുകൾ ചൂണ്ടികാട്ടുന്നത്.
പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ടുകൾ എണ്ണപ്പെട്ട പട്ടികയിൽ ഉൾപ്പെട്ട വിവിധ മണ്ഡലങ്ങളിലെ വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. നവപൂർ (പട്ടികവർഗം) അസംബ്ലി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ പ്രകാരം മൊത്തം വോട്ടർമാരുടെ എണ്ണം 2,95,786 ആയിരുന്നു,തിരഞ്ഞെടുപ്പ് ദിവസം 2,40,022 വോട്ടുകൾ പോൾ ചെയ്തതായാണ് കണക്ക്. എന്നാൽ നിലവിലെ ഫലപ്രഖ്യാപനത്തിൻ്റെ കണക്കുകൾ പ്രകാരം ആകെ എണ്ണിയത് 2,41,193 വോട്ടുകളാണ്. ഇത് പോൾ ചെയ്ത വോട്ടുകളേക്കാൾ 1,171എണ്ണം കൂടുതലാണ്. ഇവിടെ വിജയിച്ച ഭൂരിപക്ഷം 1,122 വോട്ടുകളാണ്.
മാവൽ അസംബ്ലി നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക് പ്രകാരം മൊത്തം വോട്ടർമാരുടെ എണ്ണം 3,86,172 ആണ്. തിരഞ്ഞെടുപ്പ് ദിവസം പോൾചെയ്തത് 2,80,319 വോട്ടുകളായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ എണ്ണപ്പെട്ട വോട്ടുകൾ 2,79,081 ആയിരുന്നു. ഇത് പോൾ ചെയ്ത വോട്ടുകളേക്കാൾ 1,238 വോട്ടുകൾ കുറവാണ്.
സംഭവത്തിൽ വ്യക്തത തേടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും പ്രതികരിക്കുന്ന മുറയ്ക്ക് വിവരങ്ങൾ പങ്കുവെയ്ക്കുമെന്നും വയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.