Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആക്ടിവിസ്റ്റ് പ്രൊഫ. ജി എന്‍ സായിബാബ അന്തരിച്ചു

13 Oct 2024 07:21 IST

- Enlight News Desk

Share News :

ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനുമായ ജി എന്‍ സായിബാബ അന്തരിച്ചു.ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകനാണ്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂർ സെൻട്രൽ ജയിലിൽ പത്ത് വർഷത്തോളം തടവിലായിരുന്നു. ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 


2003ലാണ് ജി എന്‍ സായിബാബ ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള രാം ലാല്‍ ആനന്ദ് കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായി പ്രവേശിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ 2014 ല്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന പുസ്തകങ്ങളും പെന്‍ഡ്രൈവുകളും സായിബാബയുടെ മുറിയില്‍ നിന്ന് കിട്ടിയെന്നായിരുന്നു പൊലീസ് വാദം. തുടര്‍ന്ന് യുഎപിഎ വകുപ്പ് ചുമത്തി. കുറ്റകൃത്യങ്ങള്‍ സെഷന്‍സ് കോടതിക്ക് കീഴിലായതിനാല്‍ മജിസ്‌ട്രേറ്റ് കോടതി കേസ് സെഷന്‍സ് കോടതിയെ ഏല്‍പ്പിച്ചു. തുടര്‍ന്നായിരുന്നു അറസ്റ്റ്.


സായിബാബയും മഹേഷ് തിര്‍ക്കി, പാണ്ഡു നരോട്, ഹേം മിശ്ര, പ്രശാന്ത് രഹി, വിജയ് തിര്‍ക്കി എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധവും രാജ്യത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്നും 2017ല്‍ മാര്‍ച്ചില്‍ മഹാരാഷ്ട്ര സെഷന്‍സ് കോടതി ആരോപിച്ചു. യുഎപിഎയും ഇന്ത്യന്‍ ശിക്ഷാ നിയമവും പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ സായ്ബാബ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.


പിന്നീട് പത്തുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സായിബാബ പുറത്തിറങ്ങിയത്. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ, 2014-ല്‍ അറസ്റ്റിലായത് മുതല്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. ഏകാന്ത തടവുകാരെ താമസിപ്പിക്കുന്ന അതിസുരക്ഷാ ലോക്കപ്പായ അണ്ഡാ സെല്ലിലായിരുന്നു അദ്ദേഹം.

Follow us on :

More in Related News