Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Apr 2026 08:04 IST
Share News :
ന്യൂഡൽഹി: 'എക്‌സ് മുസ്ലിം' എന്ന് സ്വയം വിശേഷിപ്പിക്കുന്നതിലൂടെ പ്രശസ്തനായ യൂട്യൂബർ സലീം വാസ്തി കൊലപാതക കേസിൽ അറസ്റ്റിലായി. 1995-ൽ നടന്ന ഒരു തട്ടിക്കൊണ്ടുപോകൽ, കൊലപാതക കേസിലാണ് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്തത്. 31 വർഷം മുൻപ് ഒരു ഡൽഹി വ്യാപാരിയുടെ 13 വയസ്സുള്ള മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
വ്യാജ വിലാസത്തിൽ താമസിക്കുകയായിരുന്നു സലീം വാസ്തിയെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് പഴയ രേഖകൾ, വിരലടയാളം, ചിത്രങ്ങൾ എന്നിവ വഴി നടത്തിയ പരിശോധനകൾക്ക് ശേഷം ഗാസിയാബാദിലെ ലോനിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
തട്ടിക്കൊണ്ടുപോകൽ, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തൽ, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് ഇദ്ദേഹം തിഹാർ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം നേടിയ ശേഷം 2000 മുതൽ ഒളിവിൽ കഴിയുകയായിരുന്നു ഇസ്ലാം മതത്തെ കുറിച്ച് വിവാദ പരാമർശങ്ങളും പൊതുപ്രസ്താവനകളും നടത്തിവരുന്ന ഇയാൾക്ക് അടുത്തിടെ കുത്തേറ്റതോടെ വാർത്തകളിൽ ഇടംനേടിയിരുന്നു.
1995 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡൽഹി ആസ്ഥാനമായുള്ള ഒരു വ്യവസായിയുടെ മകനായ 13 വയസുള്ള സന്ദീപ് ബൻസാളിനെ വടക്കുകിഴക്കൻ ഡൽഹിയിൽ സ്‌കൂളിലേക്ക് പോകുമ്പോൾ തട്ടിക്കൊണ്ടുപോയി. ഒരു ദിവസത്തിന് ശേഷം, 30,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണിയോടെയുള്ള ഫോൺകോൾ കുടുംബത്തിന് ലഭിച്ചു. എന്നാൽ, ഈ ആവശ്യം നിരാകരിക്കപ്പെട്ടതിനെത്തുടർന്ന് കുട്ടിയെ കൊലപ്പെടുത്തുകയും പിന്നീട് മുസ്തഫാബാദ് ഭാഗത്തുള്ള ഒരു ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
അന്വേഷണത്തിനിടെ, അന്ന് കുട്ടിയുടെ സ്‌കൂളിൽ ആയോധനകല അഭ്യസിപ്പിച്ചിരുന്ന സലിം ഖാൻ (ഇപ്പോൾ സലീം വാസ്തിക് എന്ന് അറിയപ്പെടുന്നു) പോലീസിന്റെ സംശയ നിഴലിലായി. ചോദ്യം ചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിക്കുകയും മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.
സലീമിനും കൂട്ടുപ്രതിക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. എന്നാൽ,2000-ൽ ഇടക്കാല ജാമ്യത്തിലിരിക്കെ സലിം ഒളിവിൽ പോയി. 2011-ൽ ഹൈക്കോടതി അയാളുടെ ശിക്ഷ ശരിവെച്ചപ്പോൾ ഇയാൾ ഒളിവിലായിരുന്നു.
വർഷങ്ങളായി, പുതിയ വിലാസം സ്വീകരിച്ചും അധികാരികളെ തെറ്റിദ്ധരിപ്പിക്കാൻ സ്വന്തം മരണം സൃഷ്ടിച്ചും ഇയാൾ അറസ്റ്റ് ഒഴിവാക്കിയതായി പോലീസ് പറഞ്ഞു. സലിം അഹമ്മദ് എന്ന പേരിൽ ജീവിക്കാൻ തുടങ്ങുകയും പിന്നീട് ഒരു യൂട്യൂബറും സ്വയം പ്രഖ്യാപിത സാമൂഹിക പ്രവർത്തകനുമായി ശ്രദ്ധ നേടി.
ഹരിയാണയിലെയും ഉത്തർപ്രദേശിലെയും വിവിധ സ്ഥലങ്ങളിൽ വർഷങ്ങളോളം താമസിച്ച ശേഷം ഒടുവിൽ ലോണിയിൽ സ്ഥിരതാമസമാക്കിയെന്നാണ് പോലീസിന് ലഭിച്ച വിവരം. അവിടെ വസ്ത്രശാല നടത്തിയിരുന്നു. ഒരു പ്രമുഖ യൂട്യൂബർ ഏറെനാളായി ഒളിവിൽ കഴിയുന്ന കുറ്റവാളിയാകാം എന്ന രഹസ്യ വിവരത്തെ തുടർന്നാണ് ഇൻസ്‌പെക്ടർ റോബിൻ ത്യാഗിയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിന് മുമ്പ് തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പോലീസ് വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.