Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 15:56 IST
Share News :
ഗുവാഹാത്തി: അസമിൽ വ്യാജ ഏറ്റമുട്ടലിൽ അഞ്ച് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിലെ നിയപോരാട്ടത്തിന് നീണ്ട 30 വർഷങ്ങൾക്ക് ശേഷം വിരാമം. മരിച്ച യുവാക്കളുടെ കുടുംബത്തിന് കോടതി നിർദേശപ്രകാരം അസം സർക്കാർ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതോടെയാണ് കേസ് തീർപ്പായത്.
1994 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. അസമിലെ ടിൻസുകിയയിൽ ഒരു തേയിലത്തോട്ടം മാനേജർ നിരോധിത സംഘടനയായ ഉൾഫയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രബിൻ സോനോവാൾ, അഖിൽ സോനോവാൾ, ദേബജിത്ത് ബിസ്വാസ്, പ്രദീപ് ദത്ത, ഭൂപെൻ മൊറാൻ എന്നിവരെ തങ്ങളുടെ വീടുകളിൽ നിന്നും സൈന്യം വിളിച്ചിറക്കുകയായിരുന്നു.
എന്നാൽ, നാല് ദിവസത്തിന് ശേഷം അഞ്ച് യുവാക്കളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ മൃതദേഹങ്ങൾ സൈന്യം പോലീസിന് കൈമാറി. യുവാക്കളുടെ മരണത്തിന് പിന്നാലെ ഇവരെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതാണെന്നും അഞ്ച് പേർക്കും ഉൾഫ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി അസമിലെ വിദ്യാർഥി നേതാവ് ഗുവാഹാത്തി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു.
പോസ്റ്റ് മോർട്ടം റിപ്പോർട്ട് അനുസരിച്ച് യുവാക്കളുടെ നഖങ്ങളെല്ലാം നീക്കം ചെയ്ത നിലയിലായിരുന്നു. കണ്ണുകളിൽ മർദനമേറ്റതായും കാൽമുട്ട് പൊട്ടിയതായും വ്യക്തമായിരുന്നു. ഏറ്റുമുട്ടലിൽ ഇത്തരം മുറിവുകൾ സംഭവിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്. മരിച്ചവരുടെ ദേഹത്തുണ്ടായിരുന്ന മുറിവുകൾ ഏറ്റുമുട്ടലിൽ ഉണ്ടായതാണെന്നത് അവിശ്വസനീയമാണെന്നായിരുന്നു സി.ബി.ഐയുടേയും കണ്ടെത്തൽ. 2002-ലാണ് സി.ബി.ഐ തങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കുന്നത്.
തുടർന്ന്, അഞ്ച് യുവാക്കളുടെ മരണത്തിന് സൈനികർ കുറ്റക്കാരാണെന്ന് കണ്ടെത്തയതിന് പിന്നാലെ 2018-ൽ സൈനിക കോടതി ഇവരെ കോർട്ട് മാർഷൽ നടപടിക്ക് വിധേയരാക്കി. എന്നാൽ, 2019-ൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൈന്യത്തിന്റെ സമിതി രംഗത്തെത്തി. പിന്നാലെ, കൂടുതൽ തെളിവുകൾ ശേഖരിച്ചതിന് ശേഷം സൈനികർ ഏഴ് പേരും കുറ്റക്കാരല്ലെന്ന് സൈനിക കോടതി വിധിക്കുകയായിരുന്നു.
സൈനികർ കുറ്റക്കാരല്ലെന്ന് കണ്ടെത്തൽ പുറത്തുവന്നതോടെ യുവാക്കളുടെ കുടുംബം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് 2023 മാർച്ച് മൂന്നിന് ഹൈക്കോടതി വിധിച്ചു. 2024 ജൂലായ് 31-ന് ഈ തുക ബന്ധുക്കൾക്ക് ലഭിക്കുകയും ചെയ്തു.
അതേസമയം, പണം ലഭിച്ചെങ്കിലും തങ്ങൾക്ക് പൂർണനീതി ലഭിച്ചില്ലെന്നാണ് ഇവരുടെ ബന്ധുക്കളുടെ ആരോപണം. പണമെന്നാൽ എല്ലാമല്ല. ഈ വിധിയിൽ തങ്ങൾ തൃപ്തരല്ല. എന്തുകൊണ്ടാണ് കുറ്റവാളികളെ ശിക്ഷിക്കാൻ സൈനിക അധികാരികൾ തയ്യാറാകാത്തതെന്നും യുവാക്കളുടെ ബന്ധുക്കൾ ചോദിക്കുന്നു.
Follow us on :
More in Related News
Please select your location.