Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2024 08:30 IST
Share News :
കോഴിക്കോട്: നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ മേൽനോട്ടത്തിൽ മെഡിസിൻ വിഭാഗം ഡോക്ടർ ജയേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചികിത്സ. ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്റിബോഡി മരുന്ന് ഇന്ന് എത്തും. നിപ പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ വിഭാഗങ്ങളിലെയും വിദഗ്ധരെ ഉൾപ്പെടുത്തി ടീം ഉണ്ടാക്കിയിട്ടുണ്ട്. ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളും ക്രമീകരിച്ചു. നിരീക്ഷണത്തിലുള്ള 214 പേരിൽ ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ ഇവിടേക്ക് മാറ്റും.
കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 60ഓളം പേർ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. ചികിത്സിച്ച ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, കുട്ടിയുടെ ബന്ധുകൾ തുടങ്ങിയവരാണിത്. കുട്ടിയെ ആദ്യം ചികിത്സിച്ച ക്ലിനിക്കിലെ ഡോക്ടർ, പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ, പത്തോളം ജീവനക്കാർ തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ള ആരോഗ്യപ്രവർത്തകർ. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് മുതൽ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ ആളുകളുടെയും പട്ടിക ആരോഗ്യപ്രവർത്തകർ തയാറാക്കിവരുന്നുണ്ട്. ചികിത്സ തേടിയ ആശുപത്രികളിലെത്തിയവർ, സ്കൂൾ, ട്യൂഷൻ സെൻറർ എന്നിവിടങ്ങളിലെ അധ്യാപക-വിദ്യാർഥികൾ തുടങ്ങിയവരുടെ പട്ടികയാണ് തയാറാക്കുന്നത്. 50ഓളം ആരോഗ്യപ്രവർത്തകർ പാണ്ടിക്കാട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചു.
ജൂലൈ 10ന് പനി ബാധിച്ച 15കാരൻ 12ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ച് ശേഖരിച്ച സാമ്പ്ൾ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
നിപ ബാധിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള 13കാരനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് ആംബുലൻസിൽ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ പരിശോധനക്കായി സാമ്പ്ൾ ശേഖരിക്കും. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിലേക്ക് അയക്കും. നിലവിൽ കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.