Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിപ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

20 Jul 2024 22:33 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ്ണ സജ്ജമാണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയിലും പൂനെ വൈറോളജി ലാബില്‍ നിന്നുള്ള ഫലത്തിലും നിപ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതല്‍ രോഗ ബാധ സംശയത്തെ തുടര്‍ന്ന് നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയില്‍ അടിയന്തരമായി രൂപീകരിച്ച്‌ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 


നിപ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. നാളെ മദ്രസകളും ട്യൂഷൻ സെന്ററുകളും ഉള്‍പ്പെടെ പ്രവർത്തിക്കരുത്. റോഡുകള്‍ അടക്കില്ല, എന്നാല്‍ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ അ‍ഞ്ച് വരെ മാത്രം പ്രവർത്തിക്കണം. പൊതുസ്ഥലങ്ങളില്‍ അകലം പാലിക്കണം. സിനിമാ തിയേറ്ററുകള്‍ പ്രവർത്തിക്കരുത് തുടങ്ങി കർശനമായ നിയന്ത്രണങ്ങള്‍ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ ഏർപ്പെടുത്തി.


ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ സെല്‍ തുറന്നിട്ടുണ്ട്. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കണ്‍ട്രോള്‍ റൂം നമ്പർ. ആരോഗ്യ വകുപ്പു മന്ത്രി ജില്ലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. 


രോഗചികിത്സയ്ക്കാവശ്യമായ മോണോക്ലോണല്‍ ആന്റി ബോഡി പൂനെ വൈറോളജി ലാബില്‍ നിന്നും അയച്ചിട്ടുണ്ട്. നാളെ (ഞായർ) രാവിലെ എത്തും. മറ്റു മരുന്നുകളും മാസ്ക്, പി.പി.ഇ കിറ്റ്, പരിശോധനാ കിറ്റുകള്‍ തുടങ്ങിയവ എത്തിക്കുന്നതിനായി കെ.എം. എസ്.സി.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ആറ് ബെഡുള്ള ഐ.സി.യുവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവില്‍ നിരീക്ഷണ നടപടികള്‍ കർശനമാക്കും.


ജൂലൈ 10 ന് പനി ബാധിച്ച 14 കാരൻ 12 ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. 13 പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15 ന് ഇതേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇവിടെ നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റുന്നതായും മന്ത്രി അറിയിച്ചു.

Follow us on :

More in Related News