Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈയ്യൊഴിഞ്ഞ് പാര്‍ട്ടി. പി പി ദിവ്യയ്ക്ക് ഇന്ന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

08 Nov 2024 08:47 IST

Shafeek cn

Share News :

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയെ കൈവിട്ട് സിപിഐഎം. ഇന്ന് ജാമ്യ അപേക്ഷയില്‍ വിധി വരാനിരിക്കെയാണ് പാര്‍ട്ടി അച്ചടക്ക നടപടി തീരുമാനിച്ചത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത് നടപടി തീരുമാനിക്കുകയായിരുന്നു.


ദിവ്യയുടെ ഭാഗം കൂടി കേട്ടതിനു ശേഷം നടപടി മതിയെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പക്ഷേ ഭൂരിപക്ഷം പേരും സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി. ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സമ്മേളന കാലയളവില്‍ സിപിഐഎമ്മില്‍ ഇത്തരം അസാധാരണ നടപടി അപൂര്‍വമാണ്. പിപി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യ അപേക്ഷയിലെ ഇന്നത്തെ വിധി നിര്‍ണായകമാണ്.


വിധി ദിവ്യക്ക് അനുകൂലമായാലും പ്രതികൂലമായാലും ഉപതെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടി പ്രതിരോധത്തിലാകും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള നടപടി. കോടതി ജാമ്യം നല്‍കിയാല്‍ പ്രോസിക്യൂഷനെതിരെ കുടുംബം ശക്തമായ വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. കോടതിവിധി മറിച്ചായാലും പാര്‍ട്ടിക്കാകും തലവേദന. അതുകൊണ്ടാണ് ദിവ്യക്കെതിരായ ധൃതിപിടിച്ചുള്ള പാര്‍ട്ടി നടപടി. പത്തനംതിട്ട സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദവും നടപടിക്ക് കാരണമായിട്ടുണ്ട്.


കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തിലാണ് പി പി ദിവ്യക്കെതിരെ സിപിഐഎം കണ്ണൂര്‍ സെക്രട്ടേറിയേറ്റ് നടപടി സ്വീകരിച്ചത്. പാര്‍ട്ടി അച്ചടക്ക നടപടിയെ പി പി ദിവ്യ അനുകൂലികള്‍ എതിര്‍ത്തു. ദിവ്യയെ കൂടി കേട്ടതിന് ശേഷം മാത്രം നടപടി മതിയെന്നായിരുന്നു അവരുടെ ആവശ്യം. ഈ ഘട്ടത്തില്‍ ദിവ്യയെ അനുകൂലിച്ചത് മൂന്നോ നാലോ അംഗങ്ങള്‍ മാത്രമായിരുന്നു. ബാക്കിയെല്ലാവരും നടപടിയെ പിന്തുണച്ചു. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കാനാണ് പാര്‍ട്ടി സെക്രട്ടേറിയേറ്റിന്റെ തീരുമാനം. സംസ്ഥാന കമ്മിറ്റിയും നടപടിയെ അനുകൂലിച്ചു. നടപടി നടപ്പിലാക്കുന്നതോടെ പി പി ദിവ്യ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും പാര്‍ട്ടി അംഗം മാത്രമായി തുടരുകയും ചെയ്യും.


നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യക്ക് അനുകൂല നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ നിലനിന്നിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ നിലവില്‍ റിമാന്‍ഡിലാണ് പി പി ദിവ്യ. കേസില്‍ ജാമ്യം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് തലശ്ശേരി സെഷന്‍സ് കോടതി വിധി പറയും. കേസില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി രണ്ട് ദിവസത്തിനകം പത്തനംതിട്ടയിലെത്തി രേഖപ്പെടുത്തും. ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം.


യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


Follow us on :

More in Related News