Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീയെന്ന നിലയില്‍ സ്വാതിയുടെ സത്യസന്ധതയ്ക്ക് ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായ നിന്ദ്യമായ പെരുമാറ്റം തന്നില്‍ ഞെട്ടലുണ്ടാക്കി. പിന്തുണയുമായി നിര്‍ഭയയുടെ അമ്മ; വീഡിയോ പങ്കുവച്ച് സ്വാതി മലിവാള്‍

23 May 2024 14:45 IST

- Shafeek cn

Share News :

ഡല്‍ഹി: രാജ്യസഭ എം.പി. സ്വാതി മലിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍വെച്ച് അതിക്രമത്തിന് ഇരയായ സംഭവത്തില്‍ സ്വാതിക്ക് പിന്തുണയുമായി നിര്‍ഭയയുടെ മാതാവ് രംഗത്ത്. സ്വാതി ഉന്നയിച്ച പരാതിയില്‍ എത്രയും വേഗം കടുത്ത നടപടി വേണമെന്ന് ഐ.എ.എന്‍.എസിനോട് സംസാരിക്കവേ അവര്‍ ആവശ്യപ്പെട്ടു.


നിര്‍ഭയയുടെ മാതാവില്‍നിന്ന് തനിക്ക് പിന്തുണയുമായി ലഭിച്ച വീഡിയോ സന്ദേശം സ്വാതി മലിവാള്‍ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു. നിര്‍ഭയയുടെ മാതാവിനെ ഇനി ബി.ജെ.പി. ഏജന്റെന്ന് മുദ്ര കുത്തുമെന്നും എ.എ.പി. പാര്‍ട്ടി പ്രവര്‍ത്തകരെ ഉദ്ദേശിച്ച് സ്വാതി മലിവാള്‍ വീഡിയോയ്ക്കൊപ്പം കുറിച്ചു.


സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേയും സ്വാതി മലിവാള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവര്‍ എടുത്തുപറഞ്ഞു. സ്ത്രീയെന്ന നിലയില്‍ സ്വാതിയുടെ സത്യസന്ധതയ്ക്ക് ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടായ നിന്ദ്യമായ പെരുമാറ്റം തന്നില്‍ ഞെട്ടലുണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


രാജ്യസഭാംഗമായ സ്വാതി മലിവാളിന് സുരക്ഷയില്ലെങ്കില്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് ഏതുവിധത്തിലാണ് സുരക്ഷിതത്വം പ്രതീക്ഷിക്കാവുന്നതെന്നും നിര്‍ഭയയുടെ അമ്മ ചോദിച്ചു. നിര്‍ഭയയുടെ വിഷയത്തില്‍ നീതിക്കായി സ്വാതിയുടെ ഭാഗത്തുനിന്നുണ്ടായ വ്യക്തിപരമായ പ്രവര്‍ത്തനങ്ങളും മറ്റു സ്ത്രീകള്‍ക്ക് വേണ്ടി സ്വാതി നടത്തിയ പോരാട്ടങ്ങളും അവര്‍ പ്രത്യേകം പരാമര്‍ശിച്ചു.


സ്വാതിയ്ക്ക് നേര്‍ക്കുണ്ടായ അതിക്രമത്തില്‍ നടപടിയെടുക്കാന്‍ കെജ്രിവാളിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം വൈകിയതിനേയും അവര്‍ വിമര്‍ശിച്ചു. അധികാരത്തിലെത്തുന്ന സമയത്ത് കെജ്രിവാള്‍ നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് അദ്ദേഹത്തെ അവര്‍ ഓര്‍മിപ്പിക്കുകയും ചെയ്തു.


ജയില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനും നിര്‍ഭയയുടെ അമ്മ കെജ്രിവാളിനോട് ആവശ്യപ്പെട്ടു. നിര്‍ഭയസംഭവം നടന്ന് പത്ത് കൊല്ലമായെങ്കിലും ചെറിയ മാറ്റമല്ലാതെ നീതിയും ന്യായവും ഭൂരിപക്ഷം പേര്‍ക്കും ഇപ്പോഴും അപ്രാപ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Follow us on :

More in Related News