Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ണിടിച്ചിലും മഴയും ശക്തം: ഇടുക്കിയില്‍ രാത്രി യാത്രയ്ക്ക് നിരോധനം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍

01 Jun 2024 13:20 IST

Shafeek cn

Share News :



ഇടുക്കി ജില്ലയില്‍ വ്യാപകമായി മഴ പെയ്യുന്ന സാഹച്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍. ഇതോടെ ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് കളക്ടര്‍ ഉത്തരവിട്ടു. കനത്ത മഴയില്‍ കാലവര്‍ഷ കെടുതികള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ ഷിബാ ജോര്‍ജ് അറിയിച്ചു. 


തൊടുപുഴ -പുളിയന്‍മല റോഡില്‍ യാതൊരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. തൊടുപുഴ പുളിയന്മല റോഡില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്. അശോക ജംഗ്ഷന്‍ മുതല്‍ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് മലങ്കര ഡാമിലെ നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി. 


തൊടുപുഴ, മൂവാറ്റുപുഴയാറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. തൊടുപുഴ ഉടുമ്പന്നൂരിലുള്ള ഐഎംഡിയുടെ ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷനില്‍ നാലു മണിക്കൂറിനിടെ 232.5 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. എട്ടു മണിയോടെ മഴ കുറഞ്ഞു. 


വെള്ളിയാംമറ്റം വില്ലേജില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ അടിയന്തര സാഹചര്യത്തില്‍ ആരംഭിച്ചു. പന്നിമറ്റം സെന്റ് ജോസഫ് എല്‍പിഎസ് രണ്ടു കുടുംബങ്ങളിലായി നാലുപേരാണ് കഴിയുന്നത്. വെള്ളിയാമറ്റം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നു കുടുംബങ്ങളിലായി ഒന്‍പത് പേരാണ് കഴിയുന്നത്.


കൊല്ലം ജില്ലയിലും 20 ദുരിതാശ്വാസ ക്വാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 940 കുടുംബങ്ങളിലെ 2273 പേരാണ് വിവിധ ക്യാമ്പുകളിലായുള്ളത് (സ്ത്രീ-1010, പുരുഷന്‍മാര്‍-832, കുട്ടികള്‍-431). കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ പുതിയ ക്യാമ്പുകള്‍ തുടങ്ങിയിട്ടില്ല. ജില്ലയില്‍ മഴയും വെള്ളക്കെട്ടും വ്യാപകമായി തുടരുകയാണ്. 


കല്ലടയാറ്റില്‍ വീണു കാണാതായ പിറവന്തൂര്‍ സ്വദേശിനി വത്സലയുടെ മൃതദേഹം കണ്ടുകിട്ടി. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും 22 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മഴക്കെടുതിയില്‍ ഇതുവരെ രണ്ട് മരണമാണ് സംഭവിച്ചിട്ടുള്ളത്. 


കേരളത്തിലെ 7 ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനവും പുറത്തുവിട്ടിട്ടുണ്ട്. കേരള തീരത്ത് നാളെ (01-06-2024) രാത്രി 11.30 വരെ 0.5 മുതല്‍ 2.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 26 cm നും 71 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. 


തെക്കന്‍ തമിഴ്‌നാട് തീരത്ത് കുളച്ചല്‍ മുതല്‍ കിലക്കരെ വരെ നാളെ (01-06-2024) രാത്രി 11.30 വരെ 0.5 മുതല്‍ 2.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 24 cm നും 93 cm നും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.




Follow us on :

More in Related News