Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 16:18 IST
Share News :
കോട്ടയം: രാജ്യത്തെ ക്ഷയരോഗ മുക്തമാക്കാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ടി.ബി. മുക്ത് ഭാരത് പദ്ധതിയിൽ പ്രഥമ പുരസ്‌കാരത്തിന് അർഹമായ കോട്ടയം ജില്ലയിലെ ഞീഴൂർ, കല്ലറ, അകലക്കുന്നം, തലപ്പലം, കറുകച്ചാൽ, മണിമല ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു എന്നിവർ ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. മഹാത്മാഗാന്ധിയുടെ വെങ്കല ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന സമ്മാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കമ്മറ്റി അംഗങ്ങൾ, മെഡിക്കൽ ഓഫീസർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ചേർന്ന് കളക്‌ട്രേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. ക്ഷയരോഗത്തിൽനിന്ന് മുക്തരാകുന്നവർക്കായുള്ള പോഷകാഹാര പദ്ധതിയ്ക്ക് ആവശ്യമായ തുക കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽനിന്ന് ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു പറഞ്ഞു. ജില്ലയെ ക്ഷയരോഗമുക്തമാക്കുന്നതിനുള്ള നടപടികൾ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നടക്കുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പുരസ്‌കാരം കിട്ടിയ പഞ്ചായത്തുകൾ തുടർപ്രവർത്തനങ്ങളിലൂടെ പുരസ്‌കാരം നിലനിർത്തുന്നതിനായി ശ്രമിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നിർവഹിച്ചു.
കുറഞ്ഞ ക്ഷയരോഗ വ്യാപന തോതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്തുകളെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. ജനസംഖ്യയുടെ മൂന്നുശതമാനത്തെയെങ്കിലും ക്ഷയരോഗ പരിശോധനക്ക് വിധേയമാക്കി ഒരാളിൽ കൂടുതൽ ക്ഷയരോഗം കണ്ടെത്താതിരിക്കുക എന്നതായിരുന്നു മുഖ്യ മാനദണ്ഡം. നിലവിൽ ചികിത്സയിലിരുന്ന 60 ശതമാനം രോഗികളിൽ എങ്കിലും ക്ഷയരോഗത്തിന്റെ മരുന്നുകൾക്കെതിരെ രോഗാണു പ്രതിരോധം ഇല്ല എന്ന് ന്യൂക്ലിക് ആസിഡ് പരിശോധന വഴി നിർണയിക്കുക, നിലവിൽ ചികിത്സ പൂർത്തീകരിച്ചവരിൽ 85 ശതമാനത്തിൽ കൂടുതൽ രോഗം ഭേദമാവുക, നിലവിൽ ചികിത്സയിലുള്ള എല്ലാ രോഗികൾക്കും പോഷകാഹാരം ഉറപ്പാക്കുക, എല്ലാ രോഗികൾക്കും നിക്ഷയ് പോഷണ് യോജന ഒരു ഗഡു സഹായമെങ്കിലും ലഭിക്കുക എന്നിവയും ആദ്യഘട്ട പുരസ്‌കാരത്തിന്റെ മാനദണ്ഡമായി.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ക്ഷയരോഗ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2024 ഡിസംബർ 31ന് മുൻപ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരിശോധന പൂർത്തിയാക്കി പ്രഥമഘട്ടം പൂർത്തിയാക്കലാണ് ലക്ഷ്യം. 80 ശതമാനം ഗ്രാമപഞ്ചായത്തുകൾ ഈ നില കൈവരിക്കുന്നതോടെ ജില്ല ക്ഷയരോഗ മുക്തമാകും.
ചടങ്ങിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി. എൻ. വിദ്യാധരൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ ടി.ബി. ഓഫീസർ ഡോ. ആശാ തെരേസ ജോൺ, ലോകാരോഗ്യസംഘടനയുടെ കൺസൾട്ടന്റ് എ. വി. ഗായത്രി, തദ്ദേശ സ്വയം ഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി. ആർ. പ്രസാദ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.