Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുകേഷിന് ഇത്രയും പ്രിവിലേജ് കൊടുക്കുന്ന സര്‍ക്കാര്‍ ഇരക്കൊപ്പമോ വേട്ടക്കാരനൊപ്പമോ? പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം പറയുന്നു രാജിവെക്കേണ്ടെന്ന്

29 Aug 2024 15:59 IST

- Shafeek cn

Share News :

തിരുവനന്തപുരം: നടിയുടെ ലൈം?ഗിക പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം കനത്തിട്ടും മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന തീരുമാനത്തില്‍ സിപിഎം. അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിലവില്‍ എംഎല്‍എ സ്ഥാനത്തുനിന്ന് രാജി വേണ്ടെന്നാണ് നിലപാട്. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കും. അതേസമയം, നാളത്തെ സെക്രട്ടറിയേറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും. തല്‍ക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം.


പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നല്‍കിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ മുകേഷ് മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്‌സ്അപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇന്നലെയാണ് മുകേഷ് വിശദീകരണം നല്‍കിയത്. രാജിയ്ക്കായി പ്രതിപക്ഷമുള്‍പ്പെടെ പ്രതിഷേധം ശക്തമാക്കുന്നതിനിടയിലാണ് വിശദീകരണം നല്‍കിയത്.


അതേസമയം, മുകേഷിന്റെ രാജി കാര്യത്തില്‍ സിപിഐയില്‍ അതിരൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജിവെക്കാതെ മുന്നോട്ട് പോകുന്നത് ശരിയാകില്ലെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം. പൊതു പ്രവര്‍ത്തനത്തില്‍ ധാര്‍മ്മികത അനിവാര്യമെന്നാണ് പൊതു വികാരം. എന്നാല്‍ മുകേഷിന്റെ രാജി ആവശ്യം കടുപ്പിക്കേണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടത്. രാജി കാര്യത്തില്‍ സിപിഎമ്മും മുകേഷും തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് ബിനോയ് വിശ്വം. സിപിഎം നേതൃത്വവുമായി ബിനോയ് വിശ്വം സംസാരിച്ചെന്നും വിവരമുണ്ട്.


നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടും രാജിയാവശ്യം അംഗീകരിക്കാതെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതികരിച്ചത്. സമാനമായ പരാതിയില്‍ നേരത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലലോയെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷിന്റെ രാജിയാവശ്യം ഇപി ജയരാജന്‍ തള്ളിയത്. മുകേഷിനെതിരെ കേസെടുത്തത് ധാര്‍മികമായ നിലപാടാണെന്നും ഇപി ജയരാജന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീ സംരക്ഷണത്തിനു സ്വീകരിച്ചത് ചരിത്ര നടപടിയാണ്. മുഖം നോക്കാതെയാണ് ശക്തമായ നടപടിയെടുത്തത്. പൊലീസ് നടപടിയും സ്വീകരിച്ചുവരുകയാണ്.


പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും ചരിത്രപരമായ നടപടിയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആരോടും മമത ഇല്ല. പ്രത്യേക സംരക്ഷണം നല്‍കില്ല. തെറ്റിന് ശിക്ഷ ഉണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ സമാന പരാതിയില്‍ രാജിവെച്ചില്ല. എല്ലാം കാത്തിരുന്ന് കാണാമെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു. അതേസമയം, കേസെടുത്തശേഷം മുകേഷ് മാധ്യമങ്ങളോട് പ്രതികരിക്കുമെന്നാണ് വിവരം. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം പ്രതികരിക്കുമെന്ന് മുകേഷ് സുഹൃത്തുക്കളെ അറിയിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ തന്നെ മുകേഷ് ഉണ്ടെന്നും സുഹൃത്തുക്കള്‍ അറിയിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊല്ലത്തെ മുകേഷിന്റെ എംഎല്‍എ ഓഫീസിന് മുന്നിലും പട്ടത്താനത്തെ വീടിന് സമീപവും പൊലീസ് സുരക്ഷ ശക്തമാക്കി.


Follow us on :

More in Related News