Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷി വിദ്യാർത്ഥികളുടെ പരാതിയിൽ കാലിക്കറ്റ് സർവകലാശാലയുടെ മറുപടി തൃപ്തികരമല്ലെന്ന് 'വോയിസ് ഓഫ് ഡിസേബിൾഡ്'; വിദ്യാർത്ഥി പരീക്ഷയിൽ വിജയിച്ചു

24 Feb 2026 19:07 IST

Jithu Vijay

Share News :

​മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾ നേരിടുന്ന പരീക്ഷാ സംബന്ധമായ പരാതികളിൽ സർവകലാശാല നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് 'വോയിസ് ഓഫ് ഡിസേബിൾഡ്' സംഘടന. പരീക്ഷാ മൂല്യനിർണ്ണയത്തിലെ അപാകതകൾ, ഗ്രേസ് മാർക്ക് നിഷേധം, അന്യായമായ ഫീസ് ഘടന എന്നിവ ചൂണ്ടിക്കാട്ടി സംഘടന നൽകിയ പരാതിയിലാണ് ഡെപ്യൂട്ടി രജിസ്ട്രാർ അബ്ദുൽ റഷീദ് പി.കെ മറുപടി നൽകിയത്.


​പരീക്ഷാഫലവും സർവകലാശാലാ വിശദീകരണവും. ​പരാതിയിൽ പരാമർശിച്ച ഭിന്നശേഷി വിദ്യാർത്ഥിയും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ചരിത്ര വിഭാഗം പൂർവ്വ വിദ്യാർത്ഥിയും സിഗ്നേച്ചർ ഡിസിബിലിറ്റി എംപവർമെന്റ് ഫോറം സെക്രട്ടറിയുമായ അക്ഷയ് എം. (Reg No: PMAXMHI022) പരീക്ഷയിൽ വിജയിച്ചതായി പുതിയ ഫലങ്ങൾ സൂചിപ്പിക്കുന്നു.


എന്നാൽ, അക്ഷയ് മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് നേരിട്ട് പരാതികളൊന്നും സമർപ്പിച്ചിട്ടില്ലെന്നായിരുന്നു സർവകലാശാലയുടെ മറുപടി. ഗ്രേസ് മാർക്കിനായി വിദ്യാർത്ഥി അപേക്ഷ നൽകുന്ന പക്ഷം തുടർനടപടികൾ സ്വീകരിക്കുമെന്നും, ഫീസ് ഇളവുകൾ ഉൾപ്പെടെയുള്ള മറ്റ് കാര്യങ്ങൾ പരിശോധിക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കത്തിന്റെ പകർപ്പ് കൈമാറിയതായും സർവകലാശാല അറിയിച്ചു.


​വിദ്യാർത്ഥി പരീക്ഷയിൽ വിജയിച്ചെങ്കിലും, സർവകലാശാലയുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ വോയിസ് ഓഫ് ഡിസേബിൾഡ് സംസ്ഥാന പ്രസിഡന്റ് നാസിർ മനയിൽ രംഗത്തെത്തി.

ആദ്യ മൂല്യനിർണ്ണയത്തിൽ പരാജയപ്പെടുത്തുകയും പിന്നീട് പുനർമൂല്യനിർണ്ണയത്തിൽ മാർക്ക് വൻതോതിൽ വർദ്ധിക്കുകയും ചെയ്യുന്നത് സർവകലാശാലയുടെ വീഴ്ചയാണെന്ന് സംഘടന ആരോപിക്കുന്നു. ഇത് വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കുന്നു.


ഭിന്നശേഷി അവകാശ നിയമം (RPWD Act 2016) പ്രകാരമുള്ള ആനുകൂല്യങ്ങളും ഗ്രേസ് മാർക്കും നൽകുന്നതിൽ സർവകലാശാല വിമുഖത കാട്ടുകയാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികളിൽ നിന്ന് പോലും സപ്ലിമെന്ററി പരീക്ഷകൾക്ക് അമിത ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണം.

​ജനുവരി 28-ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 19-ന് സർവകലാശാല മറുപടി നൽകിയത്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് അർഹമായ ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ ഭിന്നശേഷി കമ്മീഷണറെയും അപ്പലേറ്റ് ട്രിബ്യൂണലിനെയും സമീപിച്ച് ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന വ്യക്തമാക്കി

Follow us on :

More in Related News