Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ആദരം; ഹോണററി ഡോക്ടറേറ്റ്

25 May 2026 17:19 IST

CN Remya

Share News :

കോട്ടയം: എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നടൻ മമ്മൂട്ടിക്ക് നൽകി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ഡോക്ടറേറ്റ് നൽകിയത്. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകി. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഒന്‍പതാമത് പ്രത്യേക ബിരുദദാന ചടങ്ങിലാണ് മമ്മൂട്ടിക്ക് ആദരവ് നൽകിയത്. മമ്മൂട്ടിക്കും തിരുവിഴ ജയശങ്കറിനും ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് അഥവാ ഡിലിറ്റ് ബിരുദവും ഡോ. എന്‍. രാധാകൃഷ്ണന് ഡോക്ടര്‍ ഓഫ് സയന്‍സ് അഥവാ ഡിഎസ്.സി ബിരുദവുമാണ് നല്‍കിയത്.

നേട്ടങ്ങള്‍ തങ്ങളുടേത് മാത്രമായി ചുരുക്കാതെ ചുറ്റുമുള്ളവരുടേത് കൂടിയാണെന്ന് കരുതുന്നവരാണ് ഡോക്ടറേറ്റ് കൈപ്പറ്റിയ മൂന്നുപേരുമെന്ന് ചാന്‍സലര്‍  വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. സമൂഹത്തിന്‍റെ കൂടെ സഹായത്തോടെയാണ് അവര്‍ ഈ നേട്ടങ്ങളിലെത്തിയതെന്ന തിരിച്ചറിവാണ് ഈ ചടങ്ങിന്‍റെ ഏറ്റവും വലിയ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ടറേറ്റ് കൈപ്പറ്റിയതിലൂടെ മൂന്ന് പേരോടും ചാന്‍സലര്‍ എന്ന നിലയില്‍ കടപ്പെട്ടിരിക്കുന്നുവെന്നും സര്‍വ്വകലാശാലക്ക് ഇതൊരു അഭിമാന നിമിഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നടനാവുക എന്ന തന്‍റെ കുട്ടിക്കാലംതൊട്ടുള്ള ആഗ്രഹം 45 കൊല്ലം മുമ്പ് നേടിയെങ്കിലും ഇന്നും സ്വയം മെച്ചപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമ എനിക്ക് സംസ്കാരവും കരുണയും ധൈര്യവും പകര്‍ന്നുതന്നു. അച്ഛന് എന്നെ ഡോക്ടറായി കാണാനായിരുന്നു ആഗ്രഹം. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ അത് സാധിക്കാനായില്ല. ഇന്ന് എനിക്ക് മൂന്നാമത്തെ ഡോക്ടറേറ്റാണ് ലഭിക്കുന്നത്. ഇതുകൊണ്ട് ചികിത്സിക്കാനാവില്ലെങ്കിലും കഴിഞ്ഞ 45 കൊല്ലമായി വിനോദം പകര്‍ന്ന് ഞാന്‍ നിങ്ങളെയെല്ലാവരെയും ചികിത്സിക്കുകയായിരുന്നു. അവസാന ശ്വാസം വരെ അത് ഞാന്‍ തുടരും - മമ്മൂട്ടി പറഞ്ഞു.

കേരളത്തില്‍ ആദ്യമായാണ് ഒരു നാഗസ്വര വിദ്വാന് ഡിലിറ്റ് ലഭിക്കുന്നതെന്ന് തിരുവിഴ ജയശങ്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ അംഗീകാരം, ഗുരു കൂടിയായിരുന്ന അച്ഛന് സമര്‍പ്പിക്കുന്നു. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇത് അതിനേക്കാളെല്ലാം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യജീവിതങ്ങളെ കാരുണ്യത്തോടെ സ്പര്‍ശിക്കുമ്പോഴാണ് ശാസ്ത്രം അര്‍ത്ഥവത്താവുന്നതെന്ന് തന്‍റെ അഞ്ച് പതിറ്റാണ്ട് നീണ്ട മെഡിക്കല്‍ രംഗത്തെ പരിചയം കൊണ്ട് മനസ്സിലാക്കെയെന്ന് ഡോ. രാധാകൃഷ്ണന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ബിരുദങ്ങളും അവാര്‍ഡുകളും നമ്മുടെ നേട്ടങ്ങളെ അംഗീകരിച്ചേക്കാം, എന്നാല്‍ അറിവിന്‍റെ യഥാര്‍ത്ഥ മൂല്യം കഷ്ടപ്പാടുകള്‍ കുറയ്ക്കുന്നതിലും അന്തസ്സ് പുനഃസ്ഥാപിക്കുന്നതിലും മനുഷ്യരാശിക്ക് പ്രത്യാശ നല്‍കുന്നതിലുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സി. റ്റി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം കൊടുത്തു. യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ്, സെനറ്റ് അംഗങ്ങള്‍, കോട്ടയം എം പി. ഫ്രാന്‍സിസ് ജോര്‍ജ്, ഏറ്റുമാനൂര്‍ എം എല്‍ എ നാട്ടകം സുരേഷ്, കോട്ടയം ജില്ലാ കളക്ടര്‍ . ചേതന്‍ കുമാര്‍ മീണ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്. ഒ എ സജി, ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് അംഗം. മറിയാമ്മ മാത്യു, യൂണിവേഴ്സിറ്റി അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, ക്ഷണിക്കപ്പെട്ട മറ്റ് അതിഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Follow us on :

More in Related News