Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു

25 May 2026 16:46 IST

Jithu Vijay

Share News :

കൊച്ചി : കേരള മനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി. കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.


രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ശംസുദ്ധീൻ, നാലാം പ്രതി രാധാകൃഷ്ണൻ, അഞ്ചാം പ്രതി അബൂബക്കർ, ആറാം പ്രതി സിദ്ധീഖ്, ഏഴാം പ്രതി ഉബൈദ്, എട്ടാം പ്രതി നജീബ്, ഒമ്പതാം പ്രതി ജയ്ജു മോൻ, പത്താം പ്രതി സജീവ്, പതിനൊന്നാം പ്രതി സതീഷ്, പന്ത്രണ്ടാം പ്രതി ഹരീഷ്, പതിമൂന്നാം പ്രതി ബിജു, പതിനാലാം പ്രതി മുനീർ എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിന് പുറമെ ഇവർ 50,000 രൂപ വീതം പിഴയും ഒടുക്കണം. കേസിലെ പതിനാറാം പ്രതിക്ക് ഒരു വർഷം തടവാണ് വിധിച്ചിരിക്കുന്നത്. അതേസമയം, കേസില്‍ ഒന്നാം പ്രതിയായ ഹുസൈനെ മതിയായ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു.


മതിയായ തെളിവുകള്‍ ഹാജരാക്കാൻ സർക്കാർ ഭാഗം അഭിഭാഷകന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതി ഹുസൈനെ കോടതി വെറുതെ വിട്ടത്. ഇതിന്റെ കൃത്യമായ കാരണങ്ങള്‍ വിധിപ്പകർപ്പ് പൂർണമായി ലഭ്യമാകുന്നതോടെ മാത്രമേ വ്യക്തമാകൂ. എന്നാല്‍, മറ്റ് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജികള്‍ ഹൈക്കോടതി തള്ളി. ജയിലിലും ജാമ്യത്തിലുമുള്ള എല്ലാ പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാകാൻ നേരത്തെ നിർദേശം നല്‍കിയിരുന്നു.


പ്രതികള്‍ക്ക് ജീവപര്യന്തം ഉള്‍പ്പെടെയുള്ള പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും മധുവിന്‍റെ അമ്മ മല്ലിയും നല്‍കിയ ഹരജികളാണ് ഹൈക്കോടതി പ്രധാനമായും പരിഗണിച്ചത്. വിധി പറയുന്ന സാഹചര്യത്തില്‍ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനും പൊലീസ് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. നേരത്തെ വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേർക്കും ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. എന്നാല്‍ ഈ ശിക്ഷ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.


2018 ഫെബ്രുവരി 22-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിശന്നുവലഞ്ഞ ആദിവാസി യുവാവ് മധുവിനെ കാട്ടിലെ ഗുഹയില്‍നിന്ന് ഒരുകൂട്ടം ആളുകള്‍ പിടികൂടി മുക്കാലിയില്‍ കൊണ്ടുവരികയായിരുന്നു. തുടർന്ന് ആള്‍ക്കൂട്ട വിചാരണ നടത്തി ക്രൂരമായി മര്‍ദിച്ചുകൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.


2022 ഏപ്രില്‍ 28ന് വിചാരണ തുടങ്ങിയതുമുതല്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് കേസില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രോസിക്യൂഷൻ മാത്രം 103 സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതില്‍, നേരത്തെ മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയവർ വരെ പിന്നീട് കോടതിയില്‍ കൂറുമാറി. പ്രതികളുടെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദത്തെയും ഭീഷണിയെയും തുടർന്നാണ് ഈ കൂറുമാറ്റങ്ങളുണ്ടായതെന്ന് പിന്നീട് തെളിഞ്ഞിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് കുടുംബം നിയമപോരാട്ടം നടത്തിയത്.

Follow us on :

More in Related News