Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ അമ്പതിനായിരം രൂപ കളഞ്ഞു പോയി. പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നതോടെ ഊട്ടിയിലേക്ക്; വിഷ്ണുജിത്ത് പറയുന്നു

11 Sep 2024 09:17 IST

Shafeek cn

Share News :

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായി ഊട്ടിയില്‍ കണ്ടെത്തിയ വിഷ്ണു ജിത്തിനെ മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാണാതായി കഴിഞ്ഞ ആറാം ദിവസമാണ് വിഷ്ണു ജിത്തിനെ കണ്ടെത്തുന്നത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ലെങ്കിലും, സാമ്പത്തിക പ്രതിസന്ധി മൂലമാണ് താന്‍ നാടു വിട്ടതെന്ന് വിഷ്ണു ജിത്ത് പൊലീസിനോട് പറഞ്ഞു. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും, കൂടാതെ അന്വേഷണത്തിന് തമിഴ്നാട് പൊലീസും സഹായിച്ചുവെന്നും മലപ്പുറം എസ്പി പ്രതികരിച്ചിരുന്നു. ഫോണ്‍ ഓണായതാണ് അന്വേഷണത്തിന് തുമ്പായത്.


വിവാഹത്തിന് താന്‍ സുഹൃത്തില്‍ നിന്ന് കടം വാങ്ങിയ ഒരു ലക്ഷം രൂപയില്‍ അമ്പതിനായിരം രൂപ കളഞ്ഞു പോയി. പതിനായിരം രൂപ വീട്ടിലേക്ക് അയച്ചുകൊടുത്തത് കഴിഞ്ഞ് ബാക്കി തന്റെ കയ്യിലുണ്ടായിരുന്നത് നാല്‍പതിനായിരം രൂപ മാത്രമായിരുന്നു. എന്നാല്‍ ഈ പണം വിവാഹത്തിന് തികയില്ലെന്ന് ഭയന്നാണ് നാടുവിട്ടതെന്നും വിഷ്ണു ജിത്ത് പറഞ്ഞു. ആ ഒരു മനഃപ്രയാസത്തില്‍ പല ബസുകള്‍ കയറി ഇറങ്ങി ഊട്ടിയിലെത്തി.


ഊട്ടിയില്‍ നിന്ന് പരിചയമില്ലാത്ത ഒരാളുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചുവെന്നും വിഷ്ണുജിത്ത് പറയുന്നു. അതേസമയം ഈ വിളി പിന്തുടര്‍ന്നാണ് പൊലീസ് വിഷ്ണു ജിത്തിലേക്ക് എത്തിയത്. വിഷ്ണു ജിത്തിനെ വൈദ്യ പരിശോധനക്ക് ശേഷം അല്‍പസമയത്തിനകം മലപ്പുറത്ത് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. തനിക്ക് കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടന്‍ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് അന്ന് പാലക്കാട്ടേക്ക് പോയത്. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്‌ക്രീം കമ്പനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. എന്നാല്‍ വിവാഹത്തിന് മൂന്ന് ദിവസം മുന്‍പ് പണത്തിന്റെ ആവശ്യത്തിനായി പാലക്കാട്ടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല.


വിഷ്ണു പാലക്കാട് ബസ്റ്റാന്റില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്തേക്ക് വന്നിരുന്നു. സാമ്പത്തിക ഇടപാടിന്റെ പേരില്‍ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്‌തെന്ന ആശങ്കയിലായിരുന്നു കുടുംബം. എന്നാല്‍ യുവാവ് ജീവനോടെയുണ്ടെന്ന വിവരം കുടുംബത്തിന് വലിയ ആശ്വാസമായി.


Follow us on :

More in Related News