Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉംറ വിസ അനുവദിക്കാന്‍ തുടങ്ങി

20 Jun 2024 16:14 IST

MOHAMED YASEEN

Share News :

ജിദ്ദ: ഹജ്, ഉംറ മന്ത്രാലയം ഇന്നു മുതല്‍ ഉംറ വിസാ അപേക്ഷകള്‍ സ്വീകരിച്ച് വിസകള്‍ അനുവദിക്കാന്‍ തുടങ്ങി. ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വകുപ്പുകളുമായും ഏകോപനം നടത്തിയാണ് മന്ത്രാലയം വിസകള്‍ അനുവദിക്കുന്നത്. കൂടുതല്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള പദ്ധതി അനുസരിച്ചാണ് മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ഹജ് സീസണ്‍ അവസാനിച്ച ശേഷം മുഹറം ഒന്നു മുതലാണ് ഉംറ വിസകള്‍ അനുവദിച്ചിരുന്നത്. ഈ വര്‍ഷം മുതല്‍ ഹജ് പൂര്‍ത്തിയായാലുടന്‍ ഉംറ വിസ അനുവദിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. വിദേശങ്ങളില്‍ നിന്നെത്തിയ ഹജ് തീര്‍ഥാടകരില്‍ ബഹുഭൂരിഭാഗവും ഇനിയും സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടില്ല. ഇതിനു മുമ്പു തന്നെ ഉംറ വിസ അനുവദിക്കുകയാണ് ചെയ്യുന്നത്.

2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയര്‍ത്താനാണ് വിഷന്‍ 2030 ലക്ഷ്യമിടുന്നത്. കൂടുതല്‍ ഉംറ തീര്‍ഥാടകരെ സൗദിയിലേക്ക് ആകര്‍ഷിക്കാനും വിസാ നടപടികളെയും സൗദിയിലേക്കുള്ള മറ്റു പ്രവേശന നടപടികളെയും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന പുതിയ ഇളവുകളെയും ആനുകൂല്യങ്ങളെയും കുറിച്ച് പരിചയപ്പെടുത്താനും ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ അനവധി രാജ്യങ്ങള്‍ അടുത്തിടെ സന്ദര്‍ശിച്ചിരുന്നു.

ബിസിനസ്, വിസിറ്റ് വിസകള്‍ അടക്കം ഏതു വിസയിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കും. ഉംറ വിസാ കാലാവധി 90 ദിവസമായി ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്. ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് വിസാ കാലാവധിയില്‍ സൗദിയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയും. ഉംറ വിസക്കാര്‍ക്ക് സൗദിയിലെ ഏതു എയര്‍പോര്‍ട്ടുകളും അതിര്‍ത്തി പ്രവേശന കവാടങ്ങളും വഴി രാജ്യത്ത് പ്രവേശിക്കാനും അനുമതിയുണ്ട്.

കഴിഞ്ഞ കൊല്ലം വിദേശങ്ങളില്‍ നിന്ന് 1.355 കോടിയിലേറെ ഉംറ തീര്‍ഥാടകരെത്തിയിരുന്നു. ഇതിനു മുമ്പ് വിദേശ തീര്‍ഥാടകരുടെ എണ്ണം ഏറ്റവും ഉയര്‍ന്നത് 2019 ല്‍ ആയിരുന്നു. 2019 ല്‍ 85.5 ലക്ഷം തീര്‍ഥാടകരാണ് വിദേശങ്ങളില്‍ നിന്ന് എത്തിയത്. ഇതിനെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം തീര്‍ഥാടകരുടെ എണ്ണം 58 ശതമാനം തോതില്‍ വര്‍ധിച്ചു. 2019 നെ അപേക്ഷിച്ച് 2023 ല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 50 ലക്ഷം പേരുടെ വര്‍ധന രേഖപ്പെടുത്തി. വിസാ നടപടികള്‍ എളുപ്പമാക്കിയത് അടക്കമുള്ള ഇളവുകളുടെയും സൗകര്യങ്ങളുടെയും ഫലമായാണ് വിദേശ തീര്‍ഥാടകരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചത്.

സൗദി വിമാന കമ്പനികളിലെ യാത്രക്കാരെ ലക്ഷ്യമിട്ട് ട്രാന്‍സിറ്റ് വിസയും ആരംഭിച്ചിട്ടുണ്ട്. സൗദിയിലൂടെ ട്രാന്‍സിറ്റ് ആയി കടുപോകുന്ന ഏതു യാത്രക്കാര്‍ക്കും ടിക്കറ്റും ട്രാന്‍സിറ്റ് വിസയും ഓണ്‍ലൈന്‍ ആയി എളുപ്പത്തില്‍ നേടാന്‍ സാധിക്കും. ട്രാന്‍സിറ്റ് വിസയില്‍ നാലു ദിവസം സൗദിയില്‍ തങ്ങാന്‍ കഴിയും. ഇതിനിടെ ഉംറ കര്‍മം നിര്‍വഹിക്കാനും മസ്ജിദുനബവി സിയാറത്ത് നടത്താനും സാധിക്കും.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News