Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി: മലങ്കര ഇടത് കനാല്‍ വഴി ജലസേചനം ആരംഭിച്ചു

08 Jan 2025 19:12 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: മുട്ടം മലങ്കരയിലെ ഇടത് കനാല്‍ വഴിയുള്ള ജലസേചനം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ട്രയല്‍ റണ്ണില്‍ അപാകത കണ്ടെത്താത്തതിനെ തുടര്‍ന്നാണ് ഇടത് കനാല്‍ പൂര്‍ണതോതില്‍ തുറന്നത്. മലങ്കര അണക്കെട്ടിലെ കനാല്‍ ഷട്ടര്‍ 1.5 മീറ്റര്‍ ഉയര്‍ത്തിയാണ് ജലം ഒഴുക്കുന്നത്. കഴിഞ്ഞ ആഴ്ച മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ അടച്ച് ജലം സംഭരിച്ച് തുടങ്ങിയിരുന്നു. ഇരു കനാലിലൂടെയും വെള്ളം ഒഴുക്കണമെങ്കില്‍ ഡാമില്‍ 40.5 മീറ്റര്‍ വെള്ളമാണ് അവശ്യമായുള്ളത്. 41.12 മീറ്ററാണ് മലങ്കര അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. വലതുകര കനാലില്‍ അറ്റകുറ്റപ്പണി ആവശ്യമായുള്ളതിനാല്‍ അത് തുറക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. സാധാരണ ഡിസംബര്‍ ആദ്യവാരത്തോടെയാണ് മലങ്കര ജലാശയത്തില്‍ നിന്നുള്ള ഇടത്-വലത് കര കനാലുകളില്‍ വെള്ളം തുറന്ന് വിടാറുള്ളതാണ്. എന്നാല്‍ ഇത്തവണ ഒരാഴ്ച വൈകി. മലങ്കര ഡാമില്‍ നിന്നും ഇടത്-വലത് കരയിലൂടെ 70 കിലോമീറ്ററോളം ദൂരമാണ് എം.വി.ഐ.പി (മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ട്) കനാലൊഴുകുന്നത്. പെരുമറ്റം കൂടി കോലാനി മണക്കാട് അരിക്കുഴ ഭാഗത്ത് കൂടി ഒഴുകുന്ന വലത് കര കനാല്‍ 27 കിലോമീറ്റര്‍ ദൂരവും തെക്കുംഭാഗം, ഇടവെട്ടി, കുമാരമംഗലം, കല്ലൂര്‍ക്കാട് വഴി ഒഴുകുന്ന ഇടത് കര കനാല്‍ 30 കിലോമീറ്ററിലധികവുമാണ് ഒഴുകുന്നത്. മൂലമറ്റം പവ്വര്‍ ഹൗസിലെ വൈദ്യുതി ഉല്‍പാദനത്തിന് ശേഷം പുറന്തള്ളുന്ന ജലമാണ് മലങ്കര ജലാശയത്തിലേക്ക് എത്തുന്നത്. ഈ ജലം ഉപയോഗിച്ച് മുട്ടം മിനി പവ്വര്‍ ഹൗസില്‍ മൂന്ന് മെഗാ യൂണിറ്റോളം വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നുണ്ട്. കടുത്ത ചൂടില്‍ കനാല്‍ വരണ്ടതോടെ കനാലിനെ ആശ്രയിച്ച് കഴിയുന്നവരും കൃഷിക്കാരും ഏറെ വലഞ്ഞ് തുടങ്ങിയിരുന്നു. മലങ്കര കനാലിലൂടെ എത്തുന്ന വെള്ളമാണ് കനാലിന് ചുറ്റുപാടുമായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളില്‍ ഉറവയായി എത്തുന്നത്. കൂടാതെ കനാലിലെ വെള്ളമാണ് സമീപവാസികള്‍ കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിക്കുന്നത്. സമീപത്തായുള്ള ഏക്കറ് കണക്കിന് കൃഷിക്കും കനാലിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. സമീപത്തെ ചെറു തോടുകളും ജല സംഭരണികളും സജീവമാകുന്നതും ഈ വെള്ളമെത്തുന്നത് കൊണ്ട് മാത്രമാണ്.


Follow us on :

More in Related News