Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2024 18:13 IST
Share News :
കുന്ദമംഗലം :: കേരള പോലീസിലെ ഉദ്യോഗസ്ഥർക്കായി നെറ്റ്‌വർക്കും സുരക്ഷയും എന്ന വിഷയത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹ്രസ്വകാല പരിശീലന പരിപാടി (എസ്ടിടിപി) സംഘടിപ്പിച്ചു. സെൻ്റർ ഫോർ ഇൻഫർമേഷൻ ടെക്‌നോളജി, റിസർച്ച് ആൻഡ് ഓട്ടോമേഷൻ (സിട്ര), സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്റ് (സി സി ഇ എസ് ഡി) എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശ്രീ അനൂജ് പലിവാൾ ഐപിഎസ് സെഷനുകൾ ഉദ്ഘാടനം ചെയ്തു. എൻഐടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു.
എല്ലാ ബാങ്ക് അക്കൗണ്ടുകളും പാസ്‌വേഡുകളും രേഖകളും സർക്കാർ ഫയലുകളും ഓൺലൈനിൽ കൈകാര്യം ചെയ്യുന്നതിനാൽ സൈബർ സുരക്ഷ അടിസ്ഥാന സൗകര്യങ്ങളിൽ നിർണായക ഘടകമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ അനൂജ് പലിവാൾ പറഞ്ഞു. കൃത്രിമ ബുദ്ധി, ഡ്രോൺ സാങ്കേതികവിദ്യ ഇവയിലെ വളർച്ചയും അവയുടെ ദുരുപയോഗവും പോലീസിന് കൂടുതൽ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൈബർ തട്ടിപ്പ് സാമ്പത്തിക പ്രത്യാഘാതം മാത്രമല്ല, സാമൂഹികവും വൈകാരികവുമായ പ്രത്യാഘാതങ്ങളും സൃഷ്ടിക്കുന്നുണ്ടെന്നും അതിനാൽ സാങ്കേതികവിദ്യയും അന്വേഷണവും തമ്മിലുള്ള വിടവ് നികത്തേണ്ടതുണ്ട് എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കോഴിക്കോട് എൻ ഐ ടി യുമായി സഹകരിച്ച് ഈ വിടവ് കുറയ്ക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ സുരക്ഷാ സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനായി എൻഐടിസിയും കേരള പോലീസ് സൈബർഡോമും അടുത്തിടെ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു. ഈ ധാരണാപത്രത്തിൻ്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.
ഡാറ്റ ഇപ്പോൾ വളരെ വിലപ്പെട്ടതാണെന്നും ലോകമെമ്പാടുമുള്ള സൈബർ കുറ്റകൃത്യങ്ങൾ കാരണം വലിയ അളവിലുള്ള ഡാറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് വെല്ലുവിളിയാണെന്നും എൻഐടിസി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. ഇൻ്റർനെറ്റിൻ്റെ വ്യാപകമായ ഉപയോഗം കുറ്റവാളികളുൾപ്പെടെയുള്ള വിവിധ ആളുകൾക്ക് ഈ ഡാറ്റ ലഭ്യമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ സുരക്ഷാ പരിശീലന പരിപാടികൾ ഉറപ്പാക്കുന്നതിൻ്റെയും ക്രൈം ഇൻവെസ്റ്റിഗേറ്റീവ് ടെക്നിക്കുകൾ വികസിപ്പിക്കുന്നതിൻ്റെയും ഭാഗമായി എൻഐടിസിയിലെ വിദഗ്ധ അധ്യാപകരുടെ അറിവും സാങ്കേതിക പരിജ്ഞാനവും കേരള പോലീസിന് പ്രയോജനപ്രദമാക്കുകയാണ് ധാരണാ പത്രത്തിലൂടെ ലക്ഷ്യമിടുന്നത്. സ്ഥാപനത്തിലുള്ള ഡിജിറ്റൽ ഇൻഫർമേഷൻ ടെക്‌നോളജി മേഖലകളിലെ സാങ്കേതിക വിദഗ്ധരുടെയും സൈബർ പ്രൊഫഷണലുകളുടെയും ലഭ്യത പരിശീലന പരിപാടിക്കായി പ്രയോജനപ്പെടുത്തുന്നു.
അറിവും സാങ്കേതികവിദ്യയും കുറ്റവാളികളെ മിടുക്കരാക്കുന്നുണ്ടെന്നും ഇവർക്കെതിരെ പോരാടാൻ നമ്മൾ ഈ കുറ്റവാളികളേക്കാൾ മിടുക്കരാകണം എന്നും പ്രൊഫ.പ്രസാദ് കൃഷ്ണ അഭിപ്രായപ്പെട്ടു. തങ്ങളുടെ അധ്യാപകരുടെ അറിവും വൈദഗ്ദ്ധ്യവും ഉപയോഗിച്ച് ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന് കേരളം പോലീസിനെ പിന്തുണയ്ക്കാൻ കോഴിക്കോട് എൻ ഐ ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഫല രഹിതമായ സഹകരണമാണ് പോലീസുമായി സ്ഥാപനത്തിനുള്ളത്. സൈബർ ക്രൈം അന്വേഷണങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പൊതുജനങ്ങൾക്ക് സമഗ്രമായ പിന്തുണ നൽകുന്നതിനുമാണ് സഹകരണം ശ്രദ്ധചെലുത്തുന്നത്.
സൈബർ ക്രൈം അന്വേഷണങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പരിശീലനത്തിനും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി എൻഐടിസിയും കേരള പോലീസും തമ്മിലുള്ള പങ്കാളിത്തം ധാരണാപത്രം പ്രോത്സാഹിപ്പിക്കുന്നു.
സി.സി.ഇ.എസ്.ഡി ചെയർപേഴ്സൺ ഡോ. സജിത്ത് വി., സിട്രാ ചെയർപേഴ്സൺ ഡോ. മധുകുമാർ എസ്.ഡി. എസ്.ടി.ടി.പി.യുടെ കോഓർഡിനേറ്റർ ഡോ.ഹിരൺ വി.നാഥ്, എൻഐടിസി രജിസ്ട്രാർ കമാണ്ടർ ഡോ.ശാമസുന്ദര എം.എസ്, സിട്രാ അംഗം ഡോ. ജി. ജഗദാനന്ദ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.