Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി താലൂക്ക് ആശുപത്രി പോസ്റ്റ്മോർട്ട വിവാദം; ദൃക്സാക്ഷിയായ സെക്യൂരിറ്റിക്കാരനെ മാറ്റി.

09 Jan 2025 23:22 IST

Jithu Vijay

Share News :

തിരൂരങ്ങാടി : ജനുവരി 2 ന് പുലർച്ചെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട മൂന്നിയൂർ സ്വദേശി പാലത്തിങ്ങൽ അബൂബക്കർ മുസ്ലിയാരുടെ മരണവുമായും തുടർന്നുണ്ടായ പോസ്റ്റ്മോർട്ട വിവാദവുമായും ബന്ധപ്പെട്ട് ദൃക്സാക്ഷിയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ആശുപത്രി അധികൃതരുടെ സമ്മർദത്തെ തുടർന്ന് ജോലിയിൽ നിന്നും പിരിച്ച് വിട്ടു.


ജനുവരി 2 ന് പുലർച്ചെ 3 മണിക്കാണ് മൂന്നിയൂർ സ്വദേശി അബൂബക്കർ മുസ്ലിയാരെ കലശലായ ശ്വാസതടസ്സവും നെഞ്ച് വേദനയും ക്ഷീണവും ഉണ്ടായതിനെ തുടർന്ന് ഭാര്യ അയൽവാസിയുടെ ഓട്ടോവിളിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. ഓട്ടോയിൽ ആശുപത്രിയിൽ എത്തിയ രോഗിയെ വാഹനത്തിൽ നിന്നും വീൽചെയറിലേക്ക് കയറ്റി ഇരുത്താൻ സഹായിച്ചതും അത്യാഹിത വിഭാഗത്തിലെ ബെഡ്ഡിൽ കിടത്തിയതും തുടർന്ന് റെസ്റ്റ് റൂമിൽ കിടന്നുറങ്ങുകയായിരുന്ന ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ വിളിച്ചുണർത്തിയതും ഈ സെക്യൂരിറ്റിക്കാരനായിരുന്നു. ഡോക്ടർ എത്തി പരിശോധിച്ചപ്പോൾ രോഗി മരണപ്പെട്ടിട്ടുണ്ടായിരുന്നു.


സ്വാഭാവിക മരണമല്ലെന്നും മരണപ്പെട്ടിട്ടാണ് രോഗിയെ ആശുപത്രിയിൽ എത്തിക്കപ്പെട്ടതെന്നും ആശുപത്രി അധികൃതർ ആവർത്തിച്ച് കൊണ്ടിരിക്കുകയായിരുന്നു. സംശയാസ്പദ മരണമെന്ന നിലയിൽ ഡ്യൂട്ടി ഡോക്ടർ പോലീസിന് ഇന്റിമേഷൻ അയക്കുകയും ചെയ്യുകയായിരുന്നു. കഠിനമായ ഷുഗറിനും ശ്വാസതടസ്സത്തിനും താലൂക്ക് ആശുപത്രിയിൽ നിന്നും ചികിൽസ നടത്തി കൊണ്ടിരിക്കുന്ന അബൂബക്കർ മുസ്ലിയാരുടെ മരണം സംശയാസ്പദമരണമാക്കി ചിത്രീകരിച്ച് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചെയ്യേണ്ട പോസ്റ്റ് മോർട്ടം ഫോറൻസിക് സർജൻ ചെയ്യണമെന്ന പോസ്റ്റ്മോർട്ടം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ വാശിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മാത്രമല്ല തിരൂരങ്ങാടിയിൽ നിന്നും മഞ്ചേരിയിലേക്കുള്ള റഫർ ലെറ്റർ കൊടുക്കാൻ മണിക്കൂറുകളോളം ഡോക്ടർ വൈകിപ്പിച്ചതും ഏറെ വിവാദമുണ്ടാക്കിയിരുന്നു.


അതിനിടയിലാണ് ഇതിനെല്ലാം ദൃക്സാക്ഷിയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ മാറ്റിയിട്ടുള്ളത്. അബൂബക്കർ മുസ്ലിയാരെ കൊണ്ടുവന്നപ്പോൾ ജീവന്റെ അംശം ഉള്ളതായും മരണപ്പെട്ട ഒരാൾക്ക് വീൽ ചെയറിൽ ഇരിക്കാൻ കഴില്ലെന്നും സെക്യൂരിറ്റിക്കാരൻ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതാണ് ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ച് വിടാൻ കാരണമായി പറയപ്പെടുന്നത്. സെക്യൂരിറ്റികാരെ നിയമിക്കുന്ന കരാർ കമ്പനി ഏജൻസിയുടെ മേൽ  ഇയാളെ പിരിച്ച് വിടാൻ ആശുപത്രി അധികൃതരുടെ ശക്തമായ സമ്മർദ്ധം ഉണ്ടായിരുന്നതായി കരാർ കമ്പനിയുടെ ആളുകളും വ്യക്തമാക്കുന്നു.

Follow us on :

More in Related News