Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടുക്കിയില്‍ മകരജ്യോതി ദര്‍ശനത്തില്‍ സായൂജ്യമടഞ്ഞ് ആയിരങ്ങള്‍

14 Jan 2025 21:24 IST

ജേർണലിസ്റ്റ്

Share News :





ഇടുക്കി: ഇടുക്കിയില്‍ മകരജ്യോതി ദര്‍ശനത്തില്‍ സായൂജ്യമടഞ്ഞ് ആയിരങ്ങള്‍. ദിവസം മുഴുവന്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വൈകിട്ട് 6.45 ഓടെയാണ് മകര ജ്യോതി തെളിഞ്ഞത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തര്‍ ശരണം വിളികളോടെ മകരജ്യോതി വണങ്ങി. 7245 ഭക്തരാണ് ഇത്തവണ മകര ജ്യോതി ദര്‍ശനത്തിനായി പുല്ലുമേട്ടിലെത്തിയത്. സത്രം വഴി 3360 പേരും കോഴിക്കാനം വഴി 1885 പേരും എത്തി. ശബരിമലയില്‍ നിന്നും പാണ്ടിത്താവളം വഴി 2000 പേരാണ് എത്തിയത്. ജില്ലയിലെ മറ്റ് കാഴ്ചാ കേന്ദ്രങ്ങളായ പരുന്തുംപാറയില്‍ 2500 പേരും പാഞ്ചാലിമേടില്‍ 1100 പേരും മകരജ്യോതി ദര്‍ശിക്കാനെത്തി. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും മകര ജ്യോതി കാണാനായില്ല. പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പന്‍മാര്‍ മകരജ്യോതി സന്ധ്യ ശരണം വിളികളാല്‍ മുഖരിതമാക്കി. ജ്യോതി ദര്‍ശനശേഷം 6.55 ഓടെയാണ് പുല്ലുമേട്ടില്‍ നിന്നും ഭക്തജനങ്ങള്‍ തിരിച്ചിറങ്ങിയത്. അയ്യപ്പ സ്വാമിമാരുടെ വലിയ തിരക്ക് പ്രതീക്ഷിച്ചിരുന്നതിനാല്‍ വിപുലമായ സംവിധാനങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്പരാഗത പാതകളിലും വിപുലമായ സൗകര്യങ്ങള്‍ സജ്ജീകരിച്ചു. സുരക്ഷാ ഗതാഗത ക്രമീകരണങ്ങള്‍ക്കായി 150 പ്രത്യേക പോലീസ് ഓഫീസര്‍മാര്‍ക്ക് പുറമെ 1200 പോലീസ് ഉദ്യോഗസ്ഥരും 155 വനം വകുപ്പ് ഉദ്യോഗസ്ഥരും കര്‍മനിരതരായി. പൊതുമരാമത്ത് വകുപ്പ് മകരവിളക്കിനോടനുബന്ധിച്ച് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഡബിള്‍ ലെയര്‍ ബാരിക്കേഡ് ഒരുക്കിയിരുന്നു. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിലോ മീറ്റര്‍ വരെ വെളിച്ചവിതാനം ക്രമീകരിച്ചു. വള്ളക്കടവില്‍ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സ്, മെഡിക്കല്‍ ടീമിന്റെ സേവനം, ഒരു കിലോമീറ്റര്‍ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിരുന്നു. ഐ.സി.യു ആംബുലന്‍സ്, മെഡിക്കല്‍ ടീം തുടങ്ങിയ സേവനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചു. ജലവിഭവവകുപ്പ് പുല്ലുമേടു മുതല്‍ കോഴിക്കാനം വരെ 14 പോയിന്റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ചു. തീര്‍ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ് കോഴിക്കാനം റൂട്ടില്‍ 50 ബസുകള്‍ സര്‍വീസ് നടത്തി. സത്രം, വള്ളക്കടവ് നാലാം മൈല്‍ പ്രവേശനപാതകള്‍ വഴി ശനിയാഴ്ച രാവിലെ 8 മുതല്‍ ഭക്തരെ കടത്തിവിട്ടു തുടങ്ങി. മകരജ്യോതി ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ നാലാംമൈല്‍ വഴിയാണ് തിരിച്ചിറങ്ങിയത്. മകരജ്യോതിക്ക് ശേഷം ഭക്തരെ തിരികെ ഇറക്കിയതിന് ശേഷം മാത്രമാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ കടത്തിവിട്ടത്.

പോലീസ്, ആരോഗ്യം, റവന്യു, ഭക്ഷ്യ സുരക്ഷ, സിവില്‍ സപ്ലൈസ്, അഗ്നി രക്ഷാസേന, വനം വകുപ്പ് , മോട്ടോര്‍ വാഹനം തുടങ്ങി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തിയ സേവനങ്ങള്‍ ഭക്തര്‍ക്ക് ഏറെ സഹായകരമായി. ജില്ലാ കലക്ടര്‍ വി. വിഗ്‌നേശ്വരി,ഏറണാകുളം റേഞ്ച് ഡി.ഐ.ജി സതീഷ് ബിനോ, ജില്ലാ പോലീസ് മേധാവി ടി. കെ വിഷ്ണുപ്രദീപ്, സബ് കലക്ടര്‍മാരായ അനൂപ് ഗാര്‍ഗ്, വി.എം ജയകൃഷ്ണന്‍, കട്ടപ്പന എ.എസ്.പി രാജേഷ് കുമാര്‍, എ.ഡി.എം ഷൈജു പി. ജേക്കബ്,ഫ്‌ളൈയിങ് 

സ്‌ക്വാഡ് ഡി.എഫ്.ഒ വിനോദ് കുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പുല്ലുമേട്ടില്‍ സന്നിഹിതരായിരുന്നു. 



Follow us on :

More in Related News