Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് - കോഴായിലുള്ള കേരളാ സയൻസ് സിറ്റി ജംഗ്ഷൻ പബ്ലിക് യൂട്ടിലിറ്റി സെൻ്ററും സൗന്ദര്യ വൽക്കരണവും നടപ്പാക്കാനുള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു - മന്ത്രി അഡ്വ.മോൻസ് ജോസഫ്

14 Nov 2026 13:04 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പൊതുമരാമത്ത് വകുപ്പ് മുഖാന്തരം സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് എംഎൽഎ ഫണ്ടിൽ നിന്നും 92 ലക്ഷം രൂപയുടെ അനുമതി നൽകിയതായി മന്ത്രി അറിയിച്ചു. 

കുറവിലങ്ങാട് : കേരളാ സയൻസ് സിറ്റിയുടെ പ്രവേശന കവാടത്തിൽ പബ്ലിക് യൂട്ടിലിറ്റി സെൻറർ നിർമ്മിക്കുന്നതിനും ആധുനിക മാതൃകയിൽ സൗന്ദര്യ വൽക്കരണ പദ്ധതി നടപ്പാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി പുതിയ വികസന പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയതായി ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ് അറിയിച്ചു. 

കുറവിലങ്ങാട് കോഴായിലുള്ള സയൻസ് സിറ്റി സന്ദർശിക്കുന്ന വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും ഉപകരിക്കുന്ന വിധത്തിൽ എം.സി റോഡിനോട് ചേർന്ന് ഉപയോഗപ്രദമല്ലാതെ കിടന്നിരുന്ന സ്ഥലത്താണ് വികസന പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്. 

കടുത്തുരുത്തി നിയോജകമണ്ഡലം എംഎൽഎ ഫണ്ടിൽ ഉൾപ്പെടുത്തി 2024-25 സാമ്പത്തിക വർഷത്തെ വികസന പദ്ധതിയുടെ ഭാഗമായി കേരള സയൻസ് സിറ്റി ജങ്ഷൻ വികസന പദ്ധതിക്കും അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തനങ്ങൾക്കും വേണ്ടി 92 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചയായി മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. 

സയൻസ് സിറ്റിയുടെ മുൻ ഭാഗത്ത് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള വെയിറ്റിംഗ് ഏരിയ, ബസ് ഷെൽട്ടർ, ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള EV ചാർജിംഗ് സ്റ്റേഷൻ, കുട്ടികൾക്ക് വേണ്ടിയുള്ള മിനി പാർക്ക്, സൗന്ദര്യ വൽക്കരണത്തിൻ്റെ ഭാഗമായുള്ള ലാൻഡ്സ്‌കേപിംഗ് എന്നിവ വികസിപ്പിക്കുന്നതിനാണ് പദ്ധതി മുഖ്യമായും വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ സയൻസ് സിറ്റിയുടെ മുൻ വശത്ത് പൊതുജനങ്ങൾക്കായി ബസ് കേന്ദ്രവും ഷെൽട്ടർ സൗകര്യവും നിലവിലില്ല. ജനകീയ ആവശ്യം കണക്കിലെടുത്ത് സന്ദർശകർക്കും പൊതുജനങ്ങൾക്കും സയൻസ് സിറ്റി ജങ്ഷനിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും കുട്ടികൾക്കും കുടുംബങ്ങൾക്കും സയൻസ് സിറ്റി സന്ദർശനത്തോടൊപ്പം വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് എംഎൽഎ ഫണ്ട് വിനിയോഗിച്ച് പുതിയ കർമ്മ പരിപാടി യാഥാർഥ്യമാക്കുന്നതെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം പദ്ധതി നടപ്പാക്കുന്നതിനുള്ള നിർവ്വഹണ അനുമതി ഇതിനോടകം നൽകിയിട്ടുണ്ട്. വികസന പദ്ധതിയുടെ രൂപരേഖയും ഡ്രോയിംഗും പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചറൽ വിഭാഗമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇക്കാര്യം പരിശോധിച്ച് പിഡബ്ല്യുഡി ബിൽഡിങ്സിൽ വിഭാഗം അംഗീകാരവും നൽകിയിട്ടുണ്ട്. വികസന പദ്ധതിയുടെ ഭാഗമായി സിവിൽ പ്രവർത്തികൾക്ക് പുറമേ ആവശ്യമായ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് അനുബന്ധ പ്രവർത്തികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ടിക്കൽ പ്രവർത്തികളുടെ ഭാഗമായി ആവശ്യമായ ലൈറ്റിംഗ് സൗകര്യങ്ങൾ ഒരുക്കാനും സോളാർ പാനലുകൾ സ്ഥാപിക്കാനും EV ചാർജിംഗ് പോയിൻ്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ ഇലക്ട്രിക്കൽ പോയിൻ്റുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്താനും നടപടി സ്വീകരിച്ചിട്ടുണ്ട് .

 ഇലക്ട്രോണിക്സ് പ്രവൃത്തികളുടെ ഭാഗമായി സയൻസ് സിറ്റിയിൽ നടക്കുന്ന വിവിധ പ്രദർശനങ്ങളും പ്രവർത്തനങ്ങളും പൊതുസമൂഹത്തിന് പരിചയപ്പെടുത്താൻ ഇതോടൊപ്പം ക്രമീകരണം ചെയ്തിട്ടുണ്ട്. സന്ദർശകർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഇൻഫോർമേഷൻ ഡിസ്പ്ലേ സംവിധാനം, വിവിധ ആവശ്യങ്ങൾക്കുള്ള സൈൻ ബോർഡ്, സി.സി.ടി.വി നിരീക്ഷണ സംവിധാനം, പാർക്കിലെത്തുന്ന സന്ദർശകർക്ക് ആസ്വാദ്യകരമായ അന്തരീക്ഷം ഒരുക്കുന്നതിനുള്ള മ്യൂസിക് സിസ്റ്റം എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നു. എംസി റോഡിലൂടെ കടന്ന് പോകുന്ന യാത്രക്കാർക്കും സയൻസ് സിറ്റിയിൽ എത്തുന്ന സന്ദർശകർക്കും , പ്രദേശ വാസികൾക്കും ഒരുപോലെ ഗുണപ്രദമാകുന്ന വിധത്തിലാണ് കേരളാ സയൻസ് സിറ്റി ജങ്ഷൻ വികസന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.

 ഉന്നത നിലവാരത്തിൽ നടപ്പിലാക്കുന്ന സൗകര്യപ്രദവും , സുരക്ഷിതവും ആധുനികവുമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് കേരളാ സയൻസ് സിറ്റിയുടെ മുൻ ഭാഗം കൂടുതൽ ആകർഷകവും ജനോപകാരപ്രദവുമായ രീതിയിൽ വികസിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗവും ആർക്കിടെക്ചറൽ എഞ്ചിനീയറിങ് വിഭാഗവും സയൻസ് സിറ്റി അധികൃതരും സംയുക്തമായി സ്ഥല പരിശോധന നടത്തി രൂപരേഖക്ക് അന്തിമ രൂപം നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ സാങ്കേതിക അനുമതിക്കുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പരമാവധി വേഗത്തിൽ പ്രവർത്തി ടെൻഡർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. 

കേരള സയൻസ് സിറ്റിയുടെ പ്രവേശന കവാടം ഐശ്വര്യ പൂർണവും മനോഹരവുമാക്കി മാറ്റുന്ന ശ്രദ്ധേയമായ വികസന പദ്ധതിയാണ് സംസ്ഥാന സർക്കാർ എംഎൽഎ ഫണ്ടിൻ്റെ സഹകരണത്തോടെ അംഗീകരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 




Follow us on :

More in Related News